തിരുവനന്തുപുരം:
സ്‌കൂൾ അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. തർക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയമില്ലെന്നും ഇപ്പോഴുള്ളതുപോലെ മതിയെങ്കിൽ അങ്ങനെ തന്നെ തുടരുമെന്നും പൊതുജനാഭിപ്രായം തേടുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ലഭ്യമായ പ്രതികരണങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 47 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. തന്റെ നാല് വർഷത്തെ അനുഭവത്തിൽ വ്യക്തിപരമായി പറഞ്ഞ അഭിപ്രായമാണെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളിൽ ഈ ആശയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും മഴക്കാലത്തെ തുടർച്ചയായ സ്‌കൂൾ അവധികളും കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു മാറ്റം പരിഗണിക്കുന്നത്. മഴ കാരണം അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ക്ലാസുകൾ മുടങ്ങുന്നത് പഠനത്തെ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു.