മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട് മോഷണക്കേസുകള്‍ മൂന്നിരട്ടിയോളമാണ് കൂടിയത്. കൊലപാതകം അടക്കമുള്ള കൊടുംക്രിമിനല്‍ പ്രവർത്തനങ്ങളിൽ ഉള്‍പ്പെടുന്നവരുടെ എണ്ണവും കൂടി. ജയിലുകളിലും ഇതര സംസ്ഥാനക്കാർ കൂടിവരുകയാണ്. കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. എന്നാല്‍, പോലീസിന്റെയും തൊഴില്‍ വകുപ്പിന്റെയും കണക്കിൽ ഉള്‍പ്പെടാത്ത ഒട്ടേറെപ്പേർ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് 4.26 ലക്ഷം അതിഥി തൊഴിലാളികളുടെ വിവരങ്ങളാണ് പോലീസ് സ്റ്റേഷനുകളിലുള്ളത്. ഈ വിവരങ്ങള്‍, അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനുകളിലെ ഡേറ്റാ ബേസുമായി ഒത്തുനോക്കും. ഈ പരിശോധനയിലാണ് കേസുകളില്‍ പ്രതികളായവരെ കണ്ടെത്തിയത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളിലും ഇവരുണ്ടെന്ന വിവരമാണ് പോലീസിനുള്ളത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.