തിരുവനന്തപുരം:2025 അവസാനത്തോടെ രാജ്യവ്യാപകമായി ഒരു ക്യുആർ കോഡ് അധിഷ്‍ഠിത ഇ-ആധാർ സംവിധാനം അവതരിപ്പിക്കാൻ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സംരംഭം ആധാർ ഉടമകൾക്ക് അവരുടെ ഐഡന്‍റിറ്റി ഡിജിറ്റലായി സമര്‍പ്പിക്കാന്‍ അനുവദിക്കും. ഇത് ഒതന്‍റിഫിക്കേഷനായി ആധാർ കാർഡിന്‍റെ ഫോട്ടോകോപ്പികൾ ഉപയോഗിക്കുന്നതിന്‍റെ ആവശ്യകത ഇല്ലാതാക്കും.
നിലവിലുള്ള ഒരു ലക്ഷം ആധാർ ഒതന്‍റിഫിക്കേഷൻ ഉപകരണങ്ങളിൽ ഏകദേശം 2,000 എണ്ണം ഇതിനകം ക്യുആർ അധിഷ്ഠിത സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ടെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ സംവിധാനം പൂര്‍ണമായും നടപ്പിലാക്കിയാൽ ഡിജിറ്റൽ ക്യുആർ സ്‍കാനുകൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയും. ഇത് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കും സേവനദാതാക്കൾക്കും പരിശോധന കാര്യക്ഷമമാക്കും.