സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ് വളണ്ടിയർമാർ സാക്ഷരതാ മിഷനൊപ്പം ചേർന്ന് നടത്തുന്നത്. ഈ ഘട്ടത്തിൽ 6000 നിരക്ഷരരെ കണ്ടെത്തി 10 പേര്‍ക്ക് വീതം ഒരോ വളണ്ടിയറും സാക്ഷരത ക്ലാസുകൾ നൽകും.
വിജയികൾക്ക് സാക്ഷരത സർട്ടിഫിക്കറ്റ് ലഭിച്ചാൽ തുടര്‍ന്ന് നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡി തുല്യതാ കോഴ്സുകൾ പഠിക്കാനുള്ള അവസരമുണ്ടാകും. എൻഎസ്എസ് വളണ്ടിയർമാർക്ക് വളണ്ടറി ടീച്ചർ സർട്ടിഫിക്കറ്റും നൽകും. സാക്ഷരത മിഷന്റെ മറ്റ് കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണവും സാക്ഷരത സർവേയോടൊപ്പം നടന്നുവരുന്നു.
ജില്ലയിൽ കണ്ണൂർ, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്. കൽപ്പറ്റ നഗരസഭയിലെ ഹയർസെക്കഡറി സ്കൂളുകളിലെ എൻഎസ്എസ് യൂണിറ്റുകളും സർവ്വേയുടെ ഭാഗമാകുന്നുണ്ട്.