മലപ്പുറം: സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രക്ക് അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.
മലപ്പുറത്തെ തെറ്റായ മുന്‍വിധിയോടെ സമീപിക്കുന്ന രീതിയുണ്ട്. അതിന്റെ ഭാഗമായി ഭീകരരായി ചിത്രീകരിക്കുകയും അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നു. അതിനെയൊക്കെ വിവേകത്തോടെ സമീപിച്ചവരാണ് മലപ്പുറത്തുകാര്‍. വ്യാജപ്രചരണങ്ങള്‍ക്കെതിരെ സ്‌നേഹത്തിലൂടെ മറുപടി നല്‍കിയവരാണെന്നും കാന്തപുരം പറഞ്ഞു.
രാപകല്‍ അധ്വാനിച്ചുപഠിച്ച് നേട്ടങ്ങളുണ്ടാക്കിയ ജില്ലയിലെ വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതിന് പകരം അഭിനന്ദിക്കാനാണ് നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കാന്തപുരം പറഞ്ഞു.








