എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.
അതേസമയം, രാഹുലിന്‍റെ രാജിക്കായി സമ്മർദം മുറുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രംഗത്തെത്തി. സംരക്ഷിച്ച് വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈവിട്ടു. വിശ്വസിച്ച് കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്‍റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ. നൽകിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്‍റെ ടീമിൽ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.