സുൽത്താൻബത്തേരി: മതേതര രാജ്യമായ നമ്മുടെ നാട്ടിൽ എല്ലാവരും മതേതര വ്യത്യാസമില്ലാതെ ഒരുമിച്ച് സഹകരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് കാതോലിക്ക ആബൂൻമോർ ബസേലിയോസ് ജോസഫ് ബാവ. മലബാർ ഭദ്രാസനത്തിന്റ് നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണ- അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. മത ചിന്തകൾക്കും മത വിഭാഗീയതകൾക്കുമപ്പുറമുള്ള മനുഷ്യത്വത്തിന്റെ മർമ്മം അതിന്റെ തനിമ ലോകത്തോട് പറയുന്ന വലിയ നനന്മയുടെ അംശം ചോർന്നുപോകുന്നുവെന്നുള്ള ആശങ്ക എല്ലാവരിലും ഇപ്പോൾ ഉണ്ട്. അകലങ്ങൾ സൃഷ്ടിക്കുന്ന സമൂഹമായി നമ്മൾ മാറിപോകുന്നുണ്ടോ എന്ന് ചിന്തിക്കണം. എല്ലാവരും ഇഴുകിചേർന്നുജീവിക്കുകയാണ്. അതിന് കോട്ടം സംഭവിക്കരുത്. മതേതര മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഭരണഘടനയുടെ സമാനാതകളില്ലാത്തെ മതനിരപേക്ഷതയുടെ സ്വഭാവത്തിന് മാറ്റം സംഭവിക്കുമോ എന്ന ഭീതി ന്യൂനപക്ഷങ്ങളിൽപെട്ടവർക്കുണ്ടാകുന്ന ആശങ്ക നല്ലസൂചനയല്ല. ഭരണഘടന ഡയല്യൂട്ട് ചെയ്യാൻ ആരും ശ്രമിക്കരുത്. അത് രാജ്യത്തിന്റെ തനിമ ഉയർത്തിപിടിക്കുന്ന ശ്രേഷ്ഠതയ്ക്ക് കളങ്കംവരുത്തുമോ എന്ന ആശങ്കയുണ്ടെന്നും എല്ലാവരും ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകീരണചടങ്ങും അനുമോദനസമ്മേളനവും പട്ടികജാതി പട്ടികവർഗവകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോക്യുമെന്ററി പ്രകാശനം സുൽത്താൻബത്തേരി ബിഷപ്പ് ഡോ. ജോസഫ്മാർ തോമസ്, സണ്ടേസ്കൂൾ സപ്ലിമെന്റ് പ്രകാശനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, താലചായ്ക്കാനൊരിടം ഭവനപദ്ധതി വിതരണം എം.എൽ.എ അഡ്വ. ടി സിദ്ദീഖ്, കരുതൽ വസ്ത്രണ വിതരണം ഗൂഡല്ലൂർ എം.എൽ.എ പൊൻജയശീലൻ, മംഗല്യക്കൂട് വിവാഹ ധനസഹായ വിതണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സംഷാദ് മരക്കാർ, 2026ലെ കലണ്ടർ പ്രകാശനം സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാറും നിർവ്വഹിച്ചു. സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരിനിലത്ത്, ഫാ. ഷിജിൻ കടമ്പക്കാട്ട് സംസാരിച്ചു.
മീനങ്ങാടിയിൽ നിന്ന് സ്വീകരിച്ച് കുതിരയുടെയും വാഹനങ്ങളുടെയും നൂറ് കണക്കിന് ഭക്തജനങ്ങളുടെയും അകമ്പടിയോടെയാണ് അനുമോദന സമ്മേളനം നടക്കുന്ന മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ബാവയെ ആനയിച്ചത്.
പടം.. ബാവ
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യുന്നു.