നിങ്ങളൊരു ജിമെയില്‍ ഉപയോക്താവാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക. ഹാക്കര്‍മാര്‍ വട്ടമിട്ട് പറക്കുന്നതിനാല്‍ ഉടനടി നിങ്ങളുടെ ജിമെയില്‍ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും പാസ്‌വേഡ് എത്രയും പെട്ടെന്ന് കരുത്തുറ്റതാക്കണം എന്നാണ് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ജിമെയില്‍ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ്‌വേഡുകള്‍ക്ക് പകരം പാസ്‌കീകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശിച്ചു.
എഐ വഴിയുള്ള സൈബര്‍ ആക്രമണം മുന്‍നിര്‍ത്തി അടുത്തിടെ 180 കോടി ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ്’ എന്ന പുതിയ രൂപത്തിലുള്ള സൈബർ ആക്രമണത്തെക്കുറിച്ചാണ് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഈ സൈബര്‍ ഭീഷണി വ്യക്തികളെയും ബിസിനസുകളെയും സർക്കാരുകളെയും ഒരുപോലെ അപകടത്തിലാക്കുന്നതാണെന്ന് ഗൂഗിള്‍ വിശദീകരിച്ചിരുന്നു. ‘ഗൂഗിളിന്‍റെ സെയിൽസ്ഫോഴ്‌സ് ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കള്‍ ഇപ്പോൾ അപകടത്തിലാണ്’- എന്ന മുന്നറിയിപ്പും അടുത്തിടെ ഗൂഗിളില്‍ നിന്നുണ്ടായി. ഗൂഗിൾ സപ്പോർട്ട് സ്റ്റാഫ് എന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാർ ഇമെയിലുകളിലൂടെയും കോളുകളിലൂടെയും അക്കൗണ്ട് ഉടമകളെ ലക്ഷ്യമിടുന്നുണ്ടെന്ന മുന്നറിയിപ്പും അടുത്തിടെ വന്നു. ലളിതമായ പാസ്‌വേഡുകളുള്ള ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവായതോടെയാണ് പാസ്‌വേഡുകള്‍ കരുത്തുറ്റതാക്കണമെന്ന നിര്‍ദേശം ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.