കേന്ദ്രസർക്കാർ പുതിയ നികുതി ഘടന പ്രഖ്യാപിച്ചതോടെ ഇന്ത്യൻ വാഹനവ്യവസായത്തിലും ചില സുപ്രധാന മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.ചരക്കുസേവനനികുതി (ജിഎസ്ടി) 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളായി വിഭജിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, ഇന്ത്യൻ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തും. നിലവിലുള്ള 12, 28 സ്ലാബുകള്‍ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റിയതിനാല്‍ ഇത് രാജ്യത്തുടനീളമുള്ള കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിലയില്‍ നേരിട്ട് മാറ്റങ്ങള്‍ വരുത്തും.
1200 സിസിയില്‍ താഴെയുള്ള പെട്രാള്‍കാറുകളുടെയും 1500 സിസിയില്‍താഴെയുള്ള ഡീസല്‍ കാറുകളുടെയും നികുതി 28-ല്‍നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചത്. അതിനുമുകളിലുള്ള കാറുകള്‍ക്ക് 40 ശതമാനമാണ് നികുതി. 350 സിസിക്ക് തുല്യമോ അതില്‍ താഴെയോ ഉള്ള ബൈക്കുകളുടെ ജിഎസ്ടിയും 28-ല്‍നിന്ന് 18 ശതമാനമാക്കിയിട്ടുണ്ട്. ഇതിലൂടെ ആർക്കൊക്കെയാണ് നേട്ടം, ആർക്കാണ് നഷ്ടം എന്നും മറ്റ് സാധാരണ ചോദ്യങ്ങളും പരിശോധിക്കാം.
അറിയാം, വിശദമായി
ചെറിയ കാറുകള്‍ക്കും എൻട്രി ലെവല്‍ മോട്ടോർസൈക്കിളുകള്‍ക്കും വില ഗണ്യമായി കുറയും. 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍, എല്‍പിജി, സിഎൻജി കാറുകള്‍ക്കും 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകള്‍ക്കും (4000 മില്ലിമീറ്ററില്‍ താഴെ നീളമുള്ളവ) നിലവിലെ 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്ടി ആയിരിക്കും. ഇതോടെ മാരുതി സ്വിഫ്റ്റ്, വാഗണ്‍ ആർ, ഹ്യുണ്ടായ് i20, ടാറ്റ ആള്‍ട്രോസ്, റെനോ ക്വിഡ്, ഹ്യുണ്ടായ് എക്സ്റ്റർ തുടങ്ങിയ മോഡലുകളുടെ വില കുറയും. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഹീറോ സ്പ്ലെൻഡർ, ഹോണ്ട ഷൈൻ, ടിവിഎസ് അപ്പാച്ചെ, ബജാജ് പള്‍സർ ശ്രേണി, കൂടാതെ ആർഇ ക്ലാസിക്, ഹണ്ടർ 350 മോഡലുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, പുതിയ ഘടന പ്രീമിയം വാഹനങ്ങള്‍ വാങ്ങുന്നവർക്ക് തിരിച്ചടിയാണ്. 1200 സിസി പെട്രോള്‍ അല്ലെങ്കില്‍ 1500 സിസി ഡീസല്‍ എൻജിനുകള്‍ക്ക് മുകളിലുള്ളതും 4000 മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതുമായ എല്ലാ ഇടത്തരം, വലിയ കാറുകള്‍ക്കും ഇനി 40 ശതമാനം ജിഎസ്ടി നല്‍കേണ്ടിവരും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ എസ്യുവികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
അതുപോലെ, 350 സിസിയില്‍ കൂടുതലുള്ള മോട്ടോർസൈക്കിളുകള്‍ക്കും 40 ശതമാനം നികുതി ഈടാക്കും. ഇത് റോയല്‍ എൻഫീല്‍ഡ് ഹിമാലയൻ 450, കെടിഎം ഡ്യൂക്ക് 390, ഹാർലി-ഡേവിഡ്സണ്‍ X440, ട്രയംഫ് സ്പീഡ് 400 തുടങ്ങിയ മോഡലുകളുടെ വില വർധിപ്പിക്കും. നിലവില്‍, വലിയ കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 17 മുതല്‍ 22 ശതമാനം വരെ കോമ്ബൻസേഷൻ സെസ്സും ഉണ്ട്. ഇത് മൊത്തം നികുതി ഭാരം ഏകദേശം 50 ശതമാനത്തോളം ആക്കുന്നു. പുതിയ 40 ശതമാനം നിരക്ക് ഈ പ്രക്രിയ ലഘൂകരിക്കുന്നു. അതായത് അധിക കോമ്ബൻസേഷൻ സെസ് ഉണ്ടാകില്ല. അതിനാല്‍ മൊത്തത്തിലുള്ള നികുതി ഭാരം കുറയുന്നു.
കൂടാതെ, ബസുകള്‍, ട്രക്കുകള്‍, ആംബുലൻസുകള്‍ തുടങ്ങിയ വാണിജ്യ വാഹനങ്ങള്‍ക്ക് ഇനി 18 ശതമാനം ഏകീകൃത ജിഎസ്ടി ആയിരിക്കും. ഇതും 28 ശതമാനത്തില്‍നിന്ന് കുറച്ചതാണ്. 18 ശതമാനം ജിഎസ്ടിയോടെ മുച്ചക്രവാഹനങ്ങളും ഇതേ വിഭാഗത്തില്‍ വരും. എച്ച്‌എസ് കോഡുകള്‍ പരിഗണിക്കാതെ എല്ലാ ഓട്ടോ പാർട്സുകള്‍ക്കും 18 ശതമാനം ജിഎസ്ടി ആയിരിക്കും. 2025 സെപ്റ്റംബർ 22 മുതല്‍ നികുതിയിലെ ഈ മാറ്റങ്ങളെല്ലാം പ്രാബല്യത്തില്‍ വരും. ഇത് വാഹന ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം, കഴിഞ്ഞ പാദത്തില്‍ വ്യവസായത്തിലുണ്ടായ മന്ദഗതിയിലുള്ള വില്‍പനയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെഗ്മെന്റുകള്‍ക്കനുസരിച്ച് വിലയില്‍ മാറ്റം
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി തുടരുമ്ബോള്‍, മറ്റ് വിഭാഗങ്ങളിലെ നികുതി നിരക്ക് 18 ശതമാനം അല്ലെങ്കില്‍ 40 ശതമാനമാക്കി ആയി പരിഷ്കരിച്ചിട്ടുണ്ട്. റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ (crisil) റിപ്പോർട്ട് അനുസരിച്ച്, ആഭ്യന്തര പാസഞ്ചർ വാഹന വ്യവസായത്തിലെ ഏകദേശം മൂന്നിലൊന്ന് വാഹനങ്ങള്‍ക്കും (ഇന്റേണല്‍ കംബസ്ഷൻ, ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെ) ഏകദേശം 8.5% വില കുറയും. കൂടാതെ, മിക്കവാറും എല്ലാ ആഭ്യന്തര ഇരുചക്രവാഹനങ്ങള്‍ക്കും ഏകദേശം 7.8% വില കുറയും. അതേസമയം 350 സിസിക്ക് മുകളിലുള്ള വളരെ കുറച്ച് ഇരുചക്രവാഹനങ്ങള്‍ക്ക് 6.9% വില വർധനവുണ്ടാകും.
പാസഞ്ചർ വാഹനങ്ങളുടെ കാര്യത്തില്‍, എൻട്രി ലെവല്‍ ഹാച്ച്‌ബാക്ക് (ഉദാ. വാഗണ്‍ ആർ), പ്രീമിയം ഹാച്ച്‌ബാക്ക് (ഉദാ. സ്വിഫ്റ്റ്), കോംപാക്റ്റ് സെഡാൻ (ഉദാ. സ്വിഫ്റ്റ് ഡിസയർ), 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ അല്ലെങ്കില്‍ 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ സബ്-കോംപാക്റ്റ് എസ്യുവി (ഉദാ.പഞ്ച്) എന്നിവയുടെ വിലയില്‍ 8.5% കുറവുണ്ടാകും,”ക്രിസില്‍ ഇന്റലിജൻസിലെ സീനിയർ പ്രാക്ടീസ് ലീഡറും കണ്‍സള്‍ട്ടിങ് ഡയറക്ടറുമായ ഹേമല്‍ താക്കർ പറഞ്ഞു.
‘വലിയ സെഡാനുകള്‍ (ഉദാ. വിർടസ്), കോംപാക്റ്റ് എസ്യുവി (ഉദാ. ബ്രെസ്സ), മിഡ് എസ്യുവി (ഉദാ. ക്രെറ്റ), 1500 സിസിയില്‍ താഴെയുള്ള എംപിവി (ഉദാ. എർട്ടിഗ) എന്നിവയുടെ വിലയില്‍ ഏകദേശം 3.5% കുറവുണ്ടാകും. ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജൻ വാഹനങ്ങള്‍ക്കും എല്ലാ ട്രാക്ടറുകള്‍ക്കും ഏകദേശം 6.3% വില കുറയും. മുച്ചക്രവാഹനങ്ങള്‍, ലഘു വാണിജ്യ വാഹനങ്ങള്‍, ഇടത്തരം, വലിയ വാണിജ്യ വാഹനങ്ങള്‍, ബസുകള്‍ എന്നിവയ്ക്ക് ഏകദേശം 7.8% വില കുറയും’, ഹേമല്‍ താക്കർ കൂട്ടിച്ചേർത്തു.
എല്ലാ ഓട്ടോമോട്ടീവ് ഘടകങ്ങളും 18% എന്ന പരിധിയിലേക്ക് കൊണ്ടുവന്നതിനാല്‍, ജിഎസ്ടി കുറവിന്റെ രൂപത്തില്‍ വാഹന ഘടക നിർമാതാക്കളില്‍നിന്ന് വാഹന നിർമ്മാതാക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ള നേട്ടങ്ങള്‍ വിവിധ വിഭാഗങ്ങളിലായുള്ള ഈ വിശകലനത്തില്‍ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാസഞ്ചർ വാഹനത്തിലെ 90% ഓട്ടോമോട്ടീവ് ഘടകങ്ങള്‍ക്കും ഇന്ന് 18% ജിഎസ്ടിയും 10% ഘടകങ്ങള്‍ക്ക് 28% ജിഎസ്ടിയുമാണ് ഈടാക്കുന്നതെന്ന് കരുതുക. 28% ഈടാക്കുന്ന 10% ഘടകങ്ങള്‍ 18% എന്ന നിരക്കിലേക്ക് വന്നാല്‍, ഘടകങ്ങളുടെ വില കുറയുന്നതിലൂടെ ഘടക നിർമ്മാതാക്കള്‍ക്ക് വാഹനനിർമാതാവിന് 2.5% അധിക നേട്ടം കൈമാറാൻ സാധിക്കും. ഇത് വാഹനത്തിന്റെ വിലയില്‍ വീണ്ടും 1.7% കുറവ് വരുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.