ന്യൂഡൽഹി: പ്രതിഷേധം ശക്തമാകുന്നതോടെ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റേതാണ് തീരുമാനം.
കഴിഞ്ഞ 10 മാസമായി ക്രൂഡ് ഓയിലിന്റെ വില ഇരട്ടിയാകുന്നത് രാജ്യത്തെ ഇന്ധന വില വർധനവിന് കാരണമായി. അസംസ്കൃത എണ്ണ ഉപഭോഗം ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ വലിയ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ ഏകദേശം 60% നികുതിയും തീരുവയുമാണ്.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. സർക്കാർ കഴിഞ്ഞ 12 മാസത്തിനിടെ രണ്ടുതവണ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി ഉയർത്തി. ഇന്ധനവില കുറഞ്ഞ സമയത്തായിരുന്നു എക്‌സൈസ് നികുതി കൂട്ടിയത്. ഈ നികുതി കുറയ്ക്കാനുള്ള നിർദേശമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്ന കാര്യം വ്യക്തമല്ല. എണ്ണ വില കുറയ്ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു.