തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്സിൻ എടുക്കാൻ എത്തിയിരുന്നു.
വാക്സിനേഷന് ശേഷം അരമണിക്കൂർ വിശ്രമിച്ചെന്നും അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെന്നും ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു. വാക്സിനെടുക്കാൻ ആരും ശങ്കിച്ചുനിൽക്കണ്ടെന്നും എല്ലാവരും സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
“വാക്സിനേഷനാണ് ലോകത്ത് പല ഘട്ടത്തിൽ ഉണ്ടായിട്ടുള്ള മാരക രോഗങ്ങളെ തടയാൻ നമ്മെ സജ്ജരാക്കിയിട്ടുള്ളത്. വസൂരിയും പോളിയോയുമൊക്കെ നമ്മുടെ നാട്ടിൽ നിന്ന് തുടച്ചുമാറ്റാനായത് പ്രതിരോധം തീർത്തപ്പോഴാണ്. അപൂർവ്വം ചിലരെങ്കിലും വാക്സിനേഷന് എതിരെ പ്രചരണം നടത്തുന്നുണ്ട്. ശാസ്ത്രീയമാണ് വാക്സിനേഷൻ, അതിനെതിരെ ഒരു അറച്ചുനിൽപ്പും കാണിക്കരുത്. അവനവനുവേണ്ടിയും നാടിനുവേണ്ടിയും വാക്സിൻ എടുക്കണം”, മുഖ്യമന്ത്രി പറഞ്ഞു.