ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ ടി.സിദ്ദീഖ് നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ നാല് വരെ നടക്കുന്ന കര്‍ഷക ചന്തയിലേക്ക് കര്‍ഷകരില്‍ നിന്നും നേരിട്ട് വിഭവങ്ങള്‍ ശേഖരിച്ചാണ് വിപണനത്തിന് എത്തിക്കുന്നത്. ആദ്യ വില്‍പനയും ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന വിപണന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും എം.എല്‍.എ നിര്‍വ്വഹിച്ചു. കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ പൊതു വിപണിയിലെ മൊത്ത വ്യാപാര വിലയേക്കാള്‍ 10 ശതമാനം അധിക വില നല്‍കിയാണ് സംഭരിക്കുന്നത്. പൊതു വിപണിയിലെ ചില്ലറ വില്പന വിലയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ജൈവ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം അധിക വില നല്‍കി സംഭരിച്ച് ചില്ലറ വില്പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഓണസമൃദ്ധി വിപണികളില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള കേരള ഗ്രോ ബ്രാന്‍ഡ് ലഭിച്ച മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ലഭ്യമാക്കും. കൃഷി വകുപ്പ് കൃഷി ഭവനുകള്‍ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ 41 ചന്തകളാണ് നടത്തുന്നത്. 10 ചന്തകള്‍ ഹോര്‍ട്ടികോര്‍പ്പും അഞ്ച് ചന്തകള്‍ വി.എഫ്.പി.സി.കെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ അധ്യക്ഷനായ പരിപാടിയില്‍ കേരളാഗ്രോ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ അസ്മ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.എ ജോസ്, എം.പി നൗഷാദ്, ജില്ലാ പ്രിന്‍സിപ്പൽ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രകാശ്, പടിഞ്ഞാറത്തറ കൃഷി ഓഫീസര്‍ പി. ജെ ആര്യ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിങ് എ.ആര്‍ ചിത്ര, കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഷഫീക്ക്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.