രാജ്യത്തെ വാഹനങ്ങളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ കൂടും. വിലവര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍.
ഏപ്രിൽ ഒന്ന് മുതൽ മാരുതി സുസുക്കി ഇന്ത്യ, ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്, നിസാന്‍, ഡാറ്റ്‌സണ്‍ എന്നീ കമ്പനികള്‍ വിലവർദ്ധന പ്രഖ്യാപിച്ചു. എത്രരൂപ വീതം കൂട്ടുമെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ഉരുക്ക്, ചെമ്പ്, അസംസ്കൃത എണ്ണ തുടങ്ങിയവയുടെ വില ഗണ്യമായി വർധിച്ചതിനാലാണ് വാഹനങ്ങളുടെ വില കൂട്ടുന്നതെന്ന് കമ്പനികൾ അറിയിച്ചു.
ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ എക്സ് ഷോറൂം വിലകൾ പ്രാബല്യത്തിൽ വരും. ഇൻപുട്ട് ചെലവ് വർധിക്കുന്നത് തടയാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് ജനുവരിയിൽ വാഹന വില വർധിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാവായ മാരുതിയും ജനുവരിയിൽ വില കൂട്ടിയിരുന്നു. അസംസ്കൃത വസ്തുക്കളുടെ വില ഇനിയും ഉയരുകയാണെങ്കിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ തന്നെയാണ് കമ്പനി മാനേജ്മെന്റിന്റെ തീരുമാനം.
“കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ എമിഷൻ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വന്നിരുന്നു. അതിനാൽ ചെലവുകൾ വർധിക്കാനിടയാക്കി, എന്നാൽ, കഴിഞ്ഞ വർഷത്തെ വിപണി സ്ഥിതി നല്ലതായിരുന്നില്ല, അതിനാൽ ഞങ്ങൾ അക്കാലത്ത് വില വർദ്ധിപ്പിച്ചില്ല. എന്നാൽ, ഇപ്പോൾ ഇൻപുട്ട് ചെലവ് ഗണ്യമായി വർദ്ധിച്ചു, പ്രത്യേകിച്ച് അസംസ്കൃത വസ്തുക്കളായ ഉരുക്ക്, പ്ലാസ്റ്റിക്, അപൂർവ ലോഹങ്ങൾ എന്നിവയ്ക്കായുളള ചെലവുകളും ഉയർന്നു, ”എംഎസ്ഐ എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.
“ഓട്ടോ ഘടക വിലകളിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വർദ്ധനവിനെ കൈകാര്യം ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകളിലും വില വർദ്ധിപ്പിക്കാൻ ഞങ്ങൾ ഇപ്പോൾ നിർബന്ധിതരാണ്, വർദ്ധനവ് മോഡലുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
മാരുതിയുടെയും ഹീറോയുടെയും പ്രഖ്യാപനത്തോടെ മറ്റ് കാർ, ഇരുചക്രവാഹന നിർമ്മാതാക്കളും വില വർധനവ് പ്രഖ്യാപിച്ച് രംഗത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍.