കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ പൂക്കോട് വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന പൂക്കോടിൽ മതിയായ സംവിധാനങ്ങൾ ഇല്ലാത്തത് ടൂറിസം കേന്ദ്രത്തെ സാരമായി ബാധിച്ചിരുന്നു. കാലങ്ങളായി ചെളി നിറഞ്ഞ് ആഴം കുറഞ്ഞു വരുന്നതും അതുമൂലം തടാകത്തിൽ മാത്രം കാണാവുന്ന ചില മത്സ്യങ്ങൾക്ക് വംശനാശം സംഭവിക്കുന്നതായും സിഡബ്ലിയുആർഡിഎം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് തടാകം മുഴുവൻ ശുചീകരിക്കാൻ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തടാകക്കരയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും. പകരം പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ നിര്‍മിക്കും. നടപ്പാതകള്‍ നവീകരിക്കുകയും, ബാറ്ററിയില്‍ ഓടുന്ന വണ്ടികള്‍ തടാകവളപ്പില്‍ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തുകയും ചെയ്യും. തടാക പരിസരത്തു അന്താരാഷ്ട നിലവാരത്തില്‍ ടോയ്‌ലെറ്റ് ബ്ലോക്കു നിര്‍മ്മിക്കാനും, തളിപ്പുഴയില്‍ ആധുനിക സൗകര്യങ്ങളോടെ ടോയ്‌ലെറ്റ് നിർമ്മിക്കാനും ഈ ഫണ്ടിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച
8.85 കോടി രൂപയിൽ
പായലും ചളിയും നീക്കുന്നതിനും അടിസ്ഥാന സൗകര്യ നവീകരണത്തിനുമാണ് വിനിയോഗിക്കുകയെന്നു ഡിടിപിസി മെംബര്‍ സെക്രട്ടറി ബി.ആനന്ദ് പറഞ്ഞു.
കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനാണ് മറ്റു പ്രവൃത്തികള്‍ നടത്തുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഡിസംബറിൽ പണി ആരംഭിക്കുമെന്നാണ് സൂചന.