ഒരു അമ്മയുടെ ചിരകാല അഭിലാഷം വര്‍ഷങ്ങള്‍ക്കിപ്പുറം ഗംഭീരമായി നിറവേറ്റിയ മകന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് നെറ്റിസണ്‍സിന്റെ മനസ് കവരുന്നു. സ്‌കൂള്‍ കാലം മുതല്‍ അമ്മ പറയാറുള്ള ആഗ്രഹം സാധിച്ചുകൊടുക്കാനായതിലെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു പൈലറ്റിന്റെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. വലുതായാല്‍ തന്നെ മക്കയില്‍ കൊണ്ടുപോകണമെന്ന് അമ്മ മകനോട് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ വാക്കുപാലിച്ചു. അമ്മ മക്കയിലേക്ക് പറന്നതോ? മകന്‍ പൈലറ്റായ വിമാനത്തിന്റെ സുരക്ഷിതത്വത്തിലും.
ആമിര്‍ റാഷിദ് വാനി എന്നയാളാണ് തന്റെയും അമ്മയുടേയും സ്വപ്‌ന സാക്ഷാത്കാരത്തിന്റെ കഥ ട്വിറ്ററില്‍ പങ്കുവച്ചത്. താന്‍ സ്‌കൂള്‍ കുട്ടി ആയിരിക്കുമ്പോള്‍ അമ്മ സ്വന്തം അഭിലാഷത്തെക്കുറിച്ച് തനിക്കെഴുതിയ പഴയ കത്ത് കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആമിറിന്റെ ട്വീറ്റ്. ഇന്ന് താന്‍ മക്കയിലേക്ക് എത്തിക്കുന്ന യാത്രക്കാരുടെ കൂട്ടത്തില്‍ തന്റെ അമ്മയുമുണ്ടെന്ന് ആമിര്‍ ട്വീറ്റ് ചെയ്തു.
ആമിറിന്റേയും അമ്മയുടേയും ജീവിത കഥ വളരെ ആവേശകരമാണെന്ന് നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ആനന്ദകരമായ ട്വീറ്റാണിതെന്ന് ചിലര്‍ കമന്റുകളിട്ടപ്പോള്‍ ഈ നിമിഷത്തെയാണ് യഥാര്‍ഥത്തില്‍ ദൈവാനുഗ്രഹം എന്ന് വിളിക്കേണ്ടതെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. നിരവധി പേരാണ് ആമിറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.