നീലയും വെള്ളയും നിറമുള്ള റെയ്നോൾഡ്സ് പേന തൊണ്ണൂറുകളില്‍ ജനിച്ച ഏതൊരു ഇന്ത്യക്കാരന്റെയും ഓർമകളിൽ ഒരിടം പിടിച്ചിട്ടുണ്ടാകും.
ഒരു കാലത്ത് ആഢംബരത്തിന്റെ അവസാനവാക്കായിരുന്നു ഈ പേന. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രചരിച്ച വാർത്ത ’90സ് കിഡ്സി’നെ വല്ലാതെ വിഷമിപ്പിച്ചു. റെയ്നോൾഡ്സ് 045 പേനയുടെ വിതരണം കമ്പനി നിർത്തുന്നുവെന്നതായിരുന്നു ആ ദുഃഖ വാർത്ത. സച്ചിൻ ടെൻഡുൽക്കർ പേന എന്നുപോലും അറിയപ്പെട്ടിരുന്ന ഇത് നിർത്തുന്നത് എങ്ങനെ സഹിക്കും.
ഒരു കാലഘട്ടം തന്നെ അവസാനിക്കുന്നു, ഇനി മാർക്കറ്റിൽ Reynolds 045 ഉണ്ടാകില്ല എന്നായിരുന്നു പ്രചരിച്ചത്. അതോടൊപ്പം പലരും തങ്ങളുടെ വിഷമവും തുറന്ന് പ്രകടിപ്പിച്ചു. എന്തിനാണ് നിർത്തലാക്കുന്നത്? ബാല്യകാലത്തിന്റെ ഒരുപാട് ഓർമ്മകളുണ്ട്. ഇപ്പോഴും പുതിയ പേനയേക്കാൾ മികച്ചതാണ്, എന്നൊക്കെയായിരുന്നു ഒരു കമന്റ്.
പെട്ടന്ന് തന്നെ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് റെയ്നോൾഡ്സ് കമ്പനി. പ്രചരിക്കുന്ന വിവരം തെറ്റാണെന്നും കമ്പനി പേനയുടെ വിതരണം അവസാനിപ്പിക്കുന്നില്ലെന്നുമാണ് വിശദീകരണം.
കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാത്രം ആശ്രയിക്കാനും കമ്പനി ആവശ്യപ്പെട്ടു.