കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാനതല കാര്‍ഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്ഥാപനത്തിനും ഇത്തവണ പുതിയതായി അവാര്‍ഡ് ഏര്‍പ്പെടുത്തി. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി സി.അച്യുത മേനോന്റെ പേരിലാണ് മികച്ച പ്രവര്‍ത്തനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അവാര്‍ഡ് നല്‍കുന്നത്. 10 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. കാര്‍ഷിക ഗവേഷണത്തിന് എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ്, മികച്ച കൃഷിഭവനുളള പുരസ്‌കാരം, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്കുള്ള അവാര്‍ഡ് എന്നിങ്ങനെയാണ് മറ്റ് പുതിയ പുരസ്‌കാരങ്ങള്‍. പൊതുവിഭാഗം 31, കൃഷി ഉദ്യോഗസ്ഥര്‍ 4, പച്ചക്കറി വികസനം 6 ഉള്‍പ്പെടെ 41 പുരസ്‌കാരങ്ങളാണ് നല്‍കുന്നത്.
കേരളത്തിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പേര്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ, നാഷണലൈസ്ഡ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. കൃഷിഭവനുകള്‍ക്കും, പഞ്ചായത്തുകള്‍ക്കും മികച്ച കര്‍ഷകരെ നാമ നിര്‍ദ്ദേശം ചെയ്യാം. കൃഷിയിടത്തിന്റെ ഫോട്ടോകള്‍ കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ച സി.ഡി., മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മറ്റ് അനുബന്ധരേഖകള്‍ എന്നിവ ഉള്‍പ്പെടെ ജൂലൈ 25 വരെ കര്‍ഷകര്‍ അടുത്തുള്ള കൃഷിഭവന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം വിവരങ്ങള്‍ www.karshikakeralam.gov. എന്ന വെബ്‌സൈറ്റില്‍ നിന്നും കൃഷിഭവനുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202506