റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അക്ഷയ കേന്ദ്രം, ഓൺലൈൻ സേവനങ്ങൾ മുഖേന അപേക്ഷ നൽകാം. 2009 ലെ ബി.പി.എൽ ലിസ്റ്റിലുൾപ്പെട്ട സാക്ഷ്യപത്രം, 2009 ലെ ബി.പി.എൽ ലിസ്റ്റിലുൾപ്പെടാത്ത കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലേക്ക് അർഹരാണെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടില്ലാത്തവർ പഞ്ചായത്ത് / മുൻസിപ്പൽ സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലാത്തവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, വീടിൻ്റെ വിസ്തീർണ്ണം കാണിക്കുന്ന സർട്ടിഫിക്കറ്റ്, നികുതി ചീട്ട് പകർപ്പ്, ഗുരുതര രോഗങ്ങളുള്ളവർ ഡോക്ടറുടെ സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്ത് ജീവിക്കുന്നവർ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം നാളെ ( നവംബർ 25) മുതൽ ഡിസംബർ 10 വരെ അപേക്ഷിക്കണം. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ ജില്ലാ കളക്ടർ, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവടങ്ങളിൽ സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.