രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ധീര ദേശാഭിമാനികളുടെ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വം നാം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മുന്നേറ്റത്തിനായി വരും നാളുകളിലും ഐക്യത്തോടെ പ്രവര്‍ത്തിക്കണം. സാമ്രാജ്യത്വ ശക്തികള്‍ക്ക് കീഴടങ്ങാതെ സ്വയം പര്യാപ്ത രാഷ്ട്രമായി മാറണം. ചുങ്കത്തിന്റെ മറവില്‍ നമ്മെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് നമ്മുടെ പരമാധികാരം സംരക്ഷിക്കണം.
രാജ്യത്തെ ജനങ്ങളില്‍ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ചിന്തകള്‍ പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്വത്രന്ത്ര്യം, ജനാധിപത്യം, പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണ-പരിപോഷണത്തിനായി നാം നിലകൊള്ളണം. പല മേഖലകളിലും കേരളം രാജ്യത്തിന് മാതൃകയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ജാതി- മത-വര്‍ഗ വിദ്വേഷങ്ങള്‍ക്ക് ഇടനല്‍കാതെ ജനങ്ങളുടെ അടിസ്ഥാന-വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നി മികച്ച പദ്ധതികള്‍ നടപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.
രാജ്യം കണ്ട മഹാ ദുരന്തത്തില്‍ നിന്ന് ജില്ലയെ കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ദുരന്ത മേഖലയിലെ അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആസ്പിറേഷന്‍ പദ്ധതിയില്‍ ജില്ല മികച്ച പ്രകടനമാണ് നടത്തുന്നത്. ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം മികച്ച പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പരേഡില്‍ അണിനിരന്ന സേനാ വിഭാഗങ്ങളെയും വിദ്യാര്‍ത്ഥികളെയും മന്ത്രി അഭിനന്ദിച്ചു.
എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എമാരായ ടി സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പത്മശ്രീ ചെറുവയല്‍ രാമന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ഐസക്ക്, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു
*പരേഡില്‍ അണിനിരന്നത് 29 പ്ലാറ്റൂണുകള്‍*
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ 29 പ്ലാറ്റൂണുകള്‍ പങ്കെടുത്തു. പനമരം പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ രാംജിത്ത് പി. ഗോപി കമാന്ററായ പരേഡില്‍ കേരള പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം, ലോക്കല്‍ പോലീസ്, ലോക്കല്‍ പോലീസ് വനിതാ വിഭാഗം, എക്‌സൈസ്, വനം വകുപ്പ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജെ.ആര്‍.എസി വിഭാഗങ്ങളുടെ പ്ലാറ്റൂണുകളാണ് പങ്കെടുത്തത്.
സേനാ വിഭാഗത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനം വകുപ്പ് രണ്ടാം സ്ഥാനം നേടി. എന്‍.എം.എസ്.എം ഗവ കോളേജ് കല്‍പ്പറ്റ, തരിയോട് നിര്‍മല ഹൈസ്‌കൂള്‍ എന്നിവ എന്‍.സി.സി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എസ്.പി.സി വിഭാഗത്തില്‍ കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും തരിയോട് നിര്‍മല ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ്. സ്‌കൂള്‍ എന്നിവ സ്‌കൗട്ട് വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഗൈഡ്‌സില്‍ കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും വിജയികളായി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജെ.ആര്‍.സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. വിജയികള്‍ക്ക് മന്ത്രി ഒ.ആര്‍ കേളു ട്രോഫികൾ വിതരണം ചെയ്തു.
കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് കോറിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 9ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് വടകര, കോഴിക്കോട്, മലപ്പുറം, കല്‍പ്പറ്റ, ചൂരല്‍മല വരെ അഞ്ഞൂറ് കിലോമീറ്റര്‍ പിന്നിട്ട സൈക്കിള്‍ റാലി കല്‍പ്പറ്റയിലെ പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. റാലിയില്‍ പങ്കെടുത്ത സൈനികര്‍ക്കുള്ള പ്രശസ്തി പത്രം മന്ത്രി ലഫ്റ്റനന്റ് കേണല്‍ ദേവേന്ദ്ര സിങിന് കൈമാറി.
ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക പരിപാടി
പരേഡിന് ശേഷം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായി. ഫാദര്‍ ടെസ്സ സ്‌പെഷ്യല്‍ സ്‌കൂള്‍, കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തം, ബാന്‍ഡ്, ഇരുള നൃത്തം, മലപ്പുലയാട്ട നൃത്തം എന്നിവ കാണികള്‍ക്ക് ആവേശമായി.