ആഗോള ഭീതിപരത്തി മാർബർഗ് അഥവാ ബ്ലീഡിങ് ഐ വൈറസ് നിലവില്‍ 17 രാജ്യങ്ങളില്‍ ബ്ലീഡിംഗ് ഐ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് കൂടുതല്‍ ജാഗ്രത പാലിക്കാൻ യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. 17 രാജ്യങ്ങളിലും എംപോക്‌സ്, ഒറോപൗഷെ വൈറസ് ഫീവർ എന്നിവയ്ക്കൊപ്പമാണ് ബ്ലീഡിങ് ഐ പടർന്നുപിടിക്കുന്നത്. റുവാണ്ടയില്‍ ഇതിനകം 15-ലധികം പേർ ഈ രോഗം ബാധിച്ച് മരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും കരുതപ്പെടുന്നു. ലോകാരോഗ്യ സംഘടന (WHO) രോഗം മാരകമാണെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മനുഷ്യരില്‍ മാരകമായ രോഗാവസ്ഥയിലേക്ക് ഈ വൈറസ് ബാധ കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ശരാശരി വൈറസ് ബാധ മൂലമുള്ള മരണനിരക്ക് ഏകദേശം 50 ശതമാനം ആണ്. മുമ്പും ആഫ്രിക്കയില്‍ ഈ രോഗം മാരകമായി പടർന്നുപിടിച്ചിരുന്നു.
എന്താണ് ബ്ലീഡിംഗ് ഐ വൈറസ്..?
വൈറല്‍ ഹെമറാജിക് പനി ഉണ്ടാക്കുകയും ചിലപ്പോള്‍ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അതിലൂടെ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് മാർബർഗ് വൈറസ് അഥവാ ബ്ലീഡിങ് ഐ. എബോള കുടുംബത്തില്‍ പെടുന്നതാണ് ഈ വൈറസ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ഉമിനീർ, മൂത്രം എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പടരുന്നു. ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫീവർ എന്നാണ് ബ്ലീഡിംഗ് ഐ ഫീവറിന്റെ ശാസ്ത്ര നാമം.
ബ്ലീഡിങ് ഐ വൈറസിൻ്റെ രോഗലക്ഷണം
കടുത്ത പനിക്കൊപ്പം കണ്ണില്‍ നിന്നും മറ്റ് സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വാർന്നുപോകുന്നതാണ് ഇതിൻ്റെ രോഗലക്ഷണം. അതുകൊണ്ടുതന്നെയാണ് ബ്ലീഡിംഗ് ഐ ഫീവർ എന്ന പേരും ഈ രോഗത്തിനുള്ളത്. കൊതുകുകള്‍ അല്ല ചെള്ളില്‍ നിന്നാണ് രോഗം പടരുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സാധാരണ പനിക്കൊപ്പം ശരീര വേദന, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ മലേറിയക്കും എബോളയ്ക്കും സമാനമായ ലക്ഷണങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രകടമാകുക.
ചികിത്സ
മാർബർഗ് വൈറസിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ വാക്‌സിനോ നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. റീഹൈഡ്രേഷൻ, രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമെ രോഗത്തെ നിയന്ത്രിക്കാൻ കഴിയു. പരീക്ഷണാത്മക വാക്‌സിനുകള്‍ ഇപ്പോഴും ക്ലിനിക്കല്‍ പഠനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ ചികിത്സകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടക്കുന്നുണ്ട്.