കാവുംമന്ദം: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിന്റെയും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കാവുംമന്ദത്ത് സന്ദേശ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ ഷാജു കെ ജെ പാലിയേറ്റീവ് ദിന സന്ദേശം നൽകി.
സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചത്. പരാശ്രയം കൂടാതെ ഒരു കാര്യവും സ്വന്തമായി ചെയ്യാൻ കഴിയാതെ നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കിടക്കുന്ന രോഗികൾക്ക് വേണ്ടിയുള്ള സാന്ത്വന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സന്ദേശമാണ് ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പെയിൻ & പാലിയേറ്റീവ് വളണ്ടിയർമാർ, വിവിധ സ്കൂളുകളിൽ നിന്നുള്ള എൻസിസി, എസ് പി സി, എൻ എസ് എസ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, പി വി ജെയിംസ്, ശാന്തി അനിൽ, റിയ ഐസൺ, കെ കെ രാജമണി, ബീന അജു, എൻ എം മാത്യു, മുഹമ്മദ് ബഷീർ, കെ വി രാജേന്ദ്രൻ, പ്രീജി തുടങ്ങിയവർ സംസാരിച്ചു. തരിയോട് സെക്കൻഡറി പാലിയേറ്റീവ് സെക്രട്ടറി എം ശിവാനന്ദൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ഹസൻ നന്ദിയും പറഞ്ഞു.