രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ദിവസം കുറഞ്ഞ സമയം ജോലി ചെയ്യുന്നത് കേരളത്തിലുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്.കേരളത്തിലെ നഗരങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ദിവസം ശരാശരി ആറു മണിക്കൂറാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ 36 മണിക്കൂര്‍.
പ്രവൃത്തി സമയത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം 34 ആണെന്ന് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി നിര്‍ദ്ദേശിച്ച ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയും എല്‍ ആന്‍ഡ് ടി സിഇഒ എസ് എന്‍ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ച ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിയും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗര കേന്ദ്രീകൃതമായി ജോലി ചെയ്യുന്ന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ ജീവനക്കാര്‍ എന്നിവരെ അടിസ്ഥാനമാക്കിയാണ് പഠനം. കൂടുതല്‍ സമയം ജോലി ചെയ്യുന്നത് കേന്ദ്രഭരണ പ്രദേശമായ ദാമന്‍, ദിയുവിലെ ജീവനക്കാരാണ്. പ്രതിദിനം ശരാശരി 8 മണിക്കൂറും 48 മിനിറ്റും ജോലി ചെയ്താണ് ഇവര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ഗ്രാമീണ മേഖലയില്‍ ദാദ്ര, നാഗര്‍ഹവേലിയാണ് ഒന്നാമത്. അവിടെ ഒരു ദിവസം ശരാശരി 9 മണിക്കൂറും 49 മിനിറ്റുമാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരപ്രദേശങ്ങളിലെ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ കേരളത്തേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസം ശരാശരി 8 മണിക്കൂര്‍ 14 മിനിറ്റുമായി തെലങ്കാനയാണ് മുന്നില്‍. തൊട്ടുപിന്നില്‍ തമിഴ്‌നാട് ആണ്. 7 മണിക്കൂര്‍ 27 മിനിറ്റ്. ആന്ധ്രാപ്രദേശ് (7 മണിക്കൂര്‍ 17 മിനിറ്റ്), കര്‍ണാടക (7 മണിക്കൂര്‍ 7 മിനിറ്റ്) എന്നിങ്ങനെയാണ് മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗര കേന്ദ്രീകൃത സര്‍ക്കാര്‍ ജീവനക്കാരുടെ ശരാശരി ജോലി സമയം. ഈ വിഭാഗത്തിലെ ദേശീയ ശരാശരി 7 മണിക്കൂര്‍ 4 മിനിറ്റ് ആണ്.
ജോലി സമയം വര്‍ദ്ധിപ്പിക്കണമെന്ന് ചില കോര്‍പ്പറേറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗം ഡോ. ഷാമിക രവിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം നടത്തിയ ‘Time Use Survey Data (2019)’ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍.
രാജ്യത്തെ ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ കേരളം 20-ാം സ്ഥാനത്താണ്. പ്രതിദിനം ശരാശരി അഞ്ചു മണിക്കൂര്‍ 59 മിനിറ്റ് ആണ് കേരളത്തിലെ ഗ്രാമീണ മേഖലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ദേശീയ ശരാശരി 6 മണിക്കൂറും 5 മിനിറ്റുമാണ്. ലക്ഷദ്വീപ് (7 മണിക്കൂറും 11 മിനിറ്റും), തമിഴ്നാട് (6 മണിക്കൂറും 23 മിനിറ്റും), തെലങ്കാന (6 മണിക്കൂറും 4 മിനിറ്റും) എന്നിവ ഗ്രാമീണ കേരളത്തേക്കാള്‍ മുന്നിലാണ്. പുതുച്ചേരി കേരളവുമായി 20-ാം റാങ്ക് പങ്കിട്ടു. കേരളത്തിലെ പൊതു, സ്വകാര്യ കമ്ബനികളിലെ ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നഗരപ്രദേശങ്ങളില്‍ അവരുടെ ശരാശരി ജോലി സമയം 6 മണിക്കൂറും 46 മിനിറ്റും ഗ്രാമപ്രദേശങ്ങളില്‍ 7 മണിക്കൂറും 4 മിനിറ്റുമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോർപ്പറേറ്റ് നേതാക്കള്‍ ഇതിനകം സൃഷ്ടിച്ച തെറ്റായ വിവരണത്തെ സാധൂകരിക്കാൻ പഠന റിപ്പോർട്ട് ശ്രമിക്കുന്നുവെന്ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവി രാമൻ പറഞ്ഞു. എല്ലാം തൊഴിലാളികളുടെയും കർഷകരുടെയും സർക്കാർ ജീവനക്കാരുടെയും ചെലവില്‍ ബിജെപിയും കോർപ്പറേറ്റ് മുതലാളിമാരും സംയുക്തമായി ഒരു തെറ്റായ വിവരണം പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ, പ്രാധാന്യം കോർപ്പറേറ്റ് ലാഭം വർദ്ധിപ്പിക്കുക എന്നതല്ല. മറിച്ച് ഉയർന്ന തലത്തിലുള്ള സംസ്ഥാന വരുമാനം നിലനിർത്തുക എന്നതാണ്. പബ്ലിക് അഫയേഴ്‌സ് സെന്റർ പുറത്തിറക്കിയ പബ്ലിക് അഫയേഴ്‌സ് സൂചിക- 2020ല്‍ കേരളത്തെ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി റാങ്ക് ചെയ്തു. അതിനാല്‍, യഥാർത്ഥ ചോദ്യം ഒരു ജീവനക്കാരൻ എത്ര കാലം ജോലി ചെയ്യുന്നു എന്നതല്ല, മറിച്ച് പൗരന്മാർക്ക് അവശ്യ സേവനങ്ങള്‍ എത്രത്തോളം ലഭ്യമാകുന്നു എന്നതാണെന്നും കെ രവി രാമൻ പറഞ്ഞു.