തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക നിർദ്ദേശം നൽകി.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ഇത്തരമൊരു നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൽ നൽകിയത്.