രാത്രികാല കര്‍ഫ്യൂ ചൊവ്വാഴ്ച തുടങ്ങി. രാത്രി 9 മണി മുതൽ പുലര്‍ച്ചെ അഞ്ചുവരെ രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ. ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. പൊലീസിനെ എല്ലായിടത്തും വിന്യസിച്ചു. പൊതുഗതാഗതത്തിനും ചരക്കുഗതാഗതത്തിനും അത്യാവശ്യ സേവനങ്ങള്‍ക്കും തടസ്സമില്ല.
ചൊവ്വാഴ്ച നടന്ന കലക്ടര്‍മാരുടെ യോഗത്തിലും കര്‍ഫ്യൂ പഴുതടച്ച് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി നിര്‍ദേശം നല്കി. സ്പെഷ്യല്‍ യൂണിറ്റുകളിലെ അടക്കം പൊലീസുകാരെ വിന്യസിച്ച് പരിശോധന ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
അത്യാവശ്യ യാത്രയാകാം
അത്യാവശ്യ സേവനങ്ങളായ മെഡിക്കല്‍ ഷോപ്പ്, ആശുപത്രി, പെട്രോള്‍ പമ്ബ്, രാത്രി ജോലിക്കാര്‍, പാല്, പത്രം, മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, പത്രവിതരണക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഇലക്ട്രീഷ്യന്‍സ്, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ആശുപത്രി ഉള്‍പ്പെടെ അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങാം. എന്നാല്‍, അക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്തണം.
ഷോപ്പ്, മാള്‍, സിനിമാ തിയറ്റര്‍ എന്നിവ ഏഴരയ്ക്ക് അടയ്ക്കണം. ഹോട്ടല്‍ ഒമ്ബതുവരെ പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, പകുതി ആളുകളെ മാത്രമേ ഇരുന്ന് കഴിക്കാന്‍ അനുവദിക്കൂ. ഓട്ടോയില്‍ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ; ടാക്സിയില്‍ മൂന്നുപേരും. കുടുംബമാണെങ്കില്‍ ഇളവ് നല്‍കും.
കൂട്ടം കൂടിയാല്‍ 5000 രൂപ പിഴ
നിയന്ത്രണം ലംഘിച്ചാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കനത്ത പിഴയീടാക്കും. പൊതുപരിപാടിയില്‍ തുറസ്സായ സ്ഥലത്ത് 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75പേര്‍ക്കും പങ്കെടുക്കാനാണ് അനുമതി. നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടിയാല്‍ 5000 രൂപ പിഴയീടാക്കും.
വിശദ വാര്‍ത്ത പേജ് 5
നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ
കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പിഴ ഈടാക്കുക. പൊതുപരിപാടി തുറസ്സായ സ്ഥലത്താണെങ്കില്‍ 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75പേര്‍ക്കും പങ്കെടുക്കാനാണ് അനുമതി. നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടിയാല്‍ 5000 രൂപ പിഴയീടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
മറ്റ് വിലക്കുകള്‍ക്കുള്ള പിഴ
● കോവിഡ് ബാധിത സ്ഥലങ്ങളിലേക്ക് അനാവശ്യമായി പ്രവേശിച്ചാല്‍ 500 രൂപ ● അതിഥിത്തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ ● അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ ● ഹോട്ടലുകളും കടകളും രാത്രി ഒമ്ബതിന് അടയ്ക്കണം. ഹോട്ടലുകളില്‍ പകുതിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചാല്‍ 3000 രൂപ ● നിര്‍ദേശം ലംഘിച്ച് സ്കൂള്‍, ഓഫീസ്, മാള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 2000 രൂപ ● നിയന്ത്രണം ലംഘിച്ച് കട, ഫാക്ടറി, വ്യവസായ സ്ഥാപനം, സംരംഭങ്ങള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിപ്പിച്ചാല്‍- രണ്ടു വര്‍ഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടെയോ ● മരണാനന്തരചടങ്ങിന് ഒരു സമയം പരമാവധി 20 പേരില്‍ കൂടുതല്‍ പേര് പങ്കെടുക്കുകയോ അവര്‍ മാസ്ക് ധരിക്കാതിരിക്കുകയോ, സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ കോവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ സംസ്കാര ചടങ്ങിനുള്ള ചട്ടം ലംഘിക്കുകയോ ചെയ്താല്‍ 2000 രൂപ ● അനുമതി ഇല്ലാതെ ഗെറ്റ് ടുഗതര്‍, ധര്‍ണ, പ്രതിഷേധം, പ്രകടനങ്ങള്‍, മറ്റ് തരത്തിലുള്ള കൂട്ടം ചേരല്‍ എന്നിവ നടത്തിയാലോ പരമാവധി 10ല്‍ കൂടുതല്‍ പേര് പങ്കെടുക്കുകയോ അവര്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 3000 രൂപ പിഴ ● കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഒരു സമയം പരമാവധി 20 പേരില്‍ കൂടരുത്. കടയുടമ സാനിറ്റൈസര്‍ നല്‍കാതെ ഇരുന്നാല്‍ 3000 രൂപ പിഴ.
രാത്രി കെഎസ്ആര്‍ടിസി ഹ്രസ്വദൂര സര്‍വീസ് ഇല്ല
രാത്രിയില്‍ കെഎസ്ആര്‍ടിസി ഹ്രസ്വദൂര സര്‍വീസ് കുറയ്ക്കും. തിരക്കനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ തുടരും. ടിക്കറ്റ് ഓണ്‍ലൈനിലും ലഭിക്കും. പതിവ് സര്‍വീസ് പകലുണ്ടാകും. രാവിലെയും വൈകിട്ടുമായിരിക്കും കൂടുതല്‍ സര്‍വീസ്. കണ്ടെയ്ന്മെന്റ് സോണിലേക്ക് സര്‍വീസ് നിയന്ത്രിക്കും. നിന്നുള്ള യാത്ര അനുവദിക്കില്ല.
നിലവില്‍ ഷോപ്പുകള്‍ രാത്രി ഒമ്ബതുവരെയും തിയറ്ററുകള്‍ രാത്രി 7.30 വരെയും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് രാത്രി പത്തുവരെ ഹ്രസ്വദൂര സര്‍വീസുണ്ടാകും. ഇടുക്കി, പത്തനംതിട്ട, വയനാട് തുടങ്ങിയ മലയോര ജില്ലകളിലെ സര്‍വീസ് വെട്ടിക്കുറയ്ക്കില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്രക്കാര്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചത്തെ അപേക്ഷിച്ച് ഈ തിങ്കളാഴ്ച പ്രതിദിന യാത്രക്കാരുടെ എണ്ണം 15 ലക്ഷത്തില്‍നിന്ന് 13 ലക്ഷമായി. പ്രതിദിന വരുമാനം ഒരു കോടി കുറഞ്ഞു.