സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമെങ്കിലും നിലവില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും വാക്സീന്‍ ലഭിക്കും. രണ്ടാം ഡോസ് 12 ആഴ്ചവരെ വൈകാമെന്ന് വിദഗ്ധര്‍ പറയുന്നു. 18ന് മുകളില്‍ പ്രായമുളളവരുടെ വിഭാഗത്തില്‍ ഗുരുതര അസുഖങ്ങളുളളവര്‍ക്ക് മുന്‍ഗണന നൽകാന്‍ തീരുമാനം. വാക്സീന്‍ വാങ്ങാന്‍ സംസ്ഥാനം വാക്സീന്‍ കമ്പനികളുമായി ആദ്യഘട്ട ചര്‍ച്ച നടത്തി.
ആറര ലക്ഷം ഡോസ് വാക്സീനെത്തിയോടെയാണ് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായത്. ഇന്നലെ 9 കേന്ദ്രങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച തിരുവനന്തപുരത്ത് ഇന്ന് 108 കേന്ദ്രങ്ങളില്‍കുത്തിവയ്പുണ്ട്. മറ്റു ജില്ലകളിലും മെഗാ വാക്സിനേഷന്‍ ക്യാംപുകളും സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍ സൈററുകളും പുനരാരംഭിച്ചു. ഒന്നും രണ്ടും ഡോസുകാര്‍ കൊവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാണ്.
സ്വന്തമായി റജിസ്ററര്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അക്ഷയകേന്ദ്രങ്ങളുടെ സേവനം തേടാം. പരിഭ്രാന്തി വേണ്ടെന്നും കൊവിഷീല്‍ഡ് വാക്സീന്‍ രണ്ടാം ഡോസ് 12 ആഴ്ച വരെ താമസിച്ച് എടുത്താല്‍ പ്രതിരോധ ശേഷി കൂടുകയേ ഉളളൂവെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
18 നുമുകളില്‍ പ്രായമുളളവര്‍ക്ക് മേയ് 1 മുതല്‍ വാക്സീന്‍ നല്കും. രോഗികള്‍ക്കാകും ആദ്യഘട്ടത്തില്‍ കുത്തിയ്പ് നല്കുക. ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയാണ് വാക്സീന്‍ വാങ്ങാനുളള നടപടികള്‍ ഏകോപിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് സ്വന്തം നിലയ്ക്ക് വാങ്ങാനും അനുമതിയുണ്ട്.