മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ സിനിമ എന്ന ഖ്യാതിയും ലോകയ്ക്ക് ഇപ്പോൾ സ്വന്തമണ്. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രത്തിന് ഓരോ ദിവസം കഴിയുന്തോറും മികച്ച ബുക്കിങ്ങും നടക്കുന്നുണ്ട്. കേരളത്തിലെ തിയറ്ററുകാർക്കൊരു മുതൽകൂട്ടായിരിക്കുകയാണ് ചിത്രമെന്ന കാര്യത്തിൽ തർക്കവുമില്ല. ഈ അവസരത്തിൽ ലോകയെ കുറിച്ച് തിയറ്റർ ഉടമയും ഫിയോക്ക് അംഗവുമായ സുരേഷ് ഷേണായി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ആഗോള തലത്തിൽ ലോക 300 കോടി തൊടുമെന്നും അതിൽ യാതൊരുവിധ സംശയവും വേണ്ടെന്നും സുരേഷ് ഷേണായി പറയുന്നു. കേരളത്തിൽ തന്നെ ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കാനുള്ള പോക്കാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുരേഷിന്റെ പ്രതികരണം. അഥവ തുടരുമിന്റെ കളക്ഷനെ മറികടന്നില്ലെങ്കിലും അതിനടുപ്പിച്ച കളക്ഷൻ ലോക കേരളത്തിൽ നേടുമെന്നും സുരേഷ് ഷോണായി പറഞ്ഞു.
“സാധാരണ ഒരു സിനിമയ്ക്ക് ആദ്യ ആഴ്ചയെക്കാൾ മുപ്പത് അല്ലെങ്കിൽ നാല്പത് ശതമാനം ഇടിവ് രണ്ടാമത്തെ ആഴ്ച സംഭവിക്കാറുണ്ട്. പക്ഷേ ലോകയ്ക്ക് അതില്ല. വളരെ നല്ലൊരു കാര്യമാണത്. ഇനിയും രണ്ടാഴ്ച കൂടി നല്ല രീതിയിൽ കളക്ഷൻ പോകാൻ സാധ്യതയുണ്ട്. അഥവാ തുടരും സിനിമയുടെ കളക്ഷനെ ചിലപ്പോൾ മറികടന്നില്ലെങ്കിലും അതിനൊപ്പം തന്നെ ലോകയുംട കളക്ഷൻ വരുമെന്ന് ഉറപ്പാണ്. ആഗോള തലത്തിൽ 300 കോടി രൂപ ലോക കളക്ട് ചെയ്യും. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വേൾഡ് വൈഡ് കാര്യമാണിത്. കേരളത്തിൽ തന്നെ ഒരു റെക്കോർഡ് സൃഷ്ടിക്കാനുള്ള പോക്കാണ് ഇപ്പോൾ കാണുന്നത്”, എന്നായിരുന്നു സുരേഷ് ഷേണായിയുടെ വാക്കുകൾ.