കൽപ്പറ്റ: കോവിഡ് പ്രതിരോധം, മഴക്കെടുതി ദുരിതാശ്വാസം,ലൈഫ് മിഷൻ പ്രവർത്തനങ്ങൾ, തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി ജോലി ഭാരത്താൽ അധിക സമയം ജോലി ചെയ്താണ് ജീവനക്കാർ ദൈനംദിന ജോലികൾ തീർക്കുന്നത്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുശാസിച്ചു മാത്രമേ ജീവനക്കാർക്ക് നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു. ജോലി ഭാരത്തിൻ്റെ സമ്മർദ്ദത്തിലുള്ള ജീവനക്കാരെ കൈയ്യേറ്റം ചെയ്യുന്നത് അവരുടെ മനോവീര്യം തകർക്കാനേ ഉപകരിക്കൂ. സർക്കാർ ഓഫീസുകളിൽ കയറി ജീവനക്കാരെ കൈയ്യേറ്റം ചെയ്യുന്ന സാഹചര്യം ഒഴിവാക്കി ജീവനക്കാർക്ക് നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ്. ഉമാശങ്കർ ആവശ്യപ്പെട്ടു.
ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത സാമൂഹ്യ വിരുദ്ധരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി.സത്യൻ, ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ്, ലൈജു ചാക്കോ, എം.സി ശ്രീരാമകൃഷ്ണൻ, സതീഷ്, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു