കൽപറ്റ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകുന്ന വീടുകളുടെ (ദാറുൽഖൈർ) ശിലാസ്ഥാപനം സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് ഇന്ത്യൻ ഗ്രാന്റ്മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്. പുത്തുമലയിലെ സ്നേഹ ഭൂമിയിൽ 6 വീടുകളും പുത്തൂർവയൽ, കോട്ടനാട്, കോട്ടത്തറവയൽ എന്നിവിടങ്ങളിലായി ഏഴുവീടുകളുമാണ് നിർമിക്കുന്നത്. കഴിഞ്ഞവർഷം ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയിലും മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ 13 വീടുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ചടങ്ങിൽ കേരളമുസ്‌ലിംജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി അദ്ധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്രമുശാവറ അംഗം കൈപ്പാണി അബൂബക്കർ ഫൈസി, എം.വി ശ്രേയാംസ്കുമാർ എം.പി, സി.കെ ശശീന്ദ്രൻ എം.എൽ എ, ഐ സി ബാലകൃഷ്ണൻ എം എൽ എ, ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല, സി.പി.സൈതലവി മാസ്റ്റർ, മജീദ് കക്കാട്,ഡപ്യൂട്ടി കലക്ടർ അജീഷ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഅദ്, എസ്.ശറഫുദ്ദീൻ, തഹസിൽദാർ അബ്ദുൽ ഹാരിസ്, ഗ്രാമപഞ്ചായത്ത് അംഗം ടി ഹംസ തുടങ്ങിയവർ സംബന്ധിക്കും.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.