ദോഹ: 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലായിരുന്നു കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍. സന്തോഷത്താല്‍ മതിമറന്ന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ കൂടിയിരുന്നവരും തങ്ങള്‍ക്ക് മുന്നിലുള്ള ആ മനോഹര കാഴ്ചയെ എങ്ങനെ ആഘോഷിക്കുമെന്ന സംശയത്തിലായിരുന്നു. പലരും കരഞ്ഞു, ചിരിച്ചു, കെട്ടിപ്പിടിച്ചു, തുള്ളിച്ചാടി, ആര്‍ത്തുവിളിച്ചു. ഇതിനിടെ സ്റ്റേഡിയത്തിലെ ഒരു അര്‍ജന്റീന ആരാധികയുടെ ആഹ്‌ളാദപ്രകടനം കുറച്ച് അതിരുവിട്ടു.
നിശ്ചിതസമയത്തും അധികസമയത്തും സമനിലയിലായ ഫൈനല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഗോണ്‍സാലോ മൊണ്ടിയെലിന്റെ കിക്ക് വലയില്‍ കയറിയതിനു പിന്നാലെ ലോകമെമ്പാടും അര്‍ജന്റീന ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഈ ആരാധിക ധരിച്ചിരുന്ന മേല്‍വസ്ത്രം ഊരിയെറിയുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ ബിബിസി പുറത്തുവിടുകയും ചെയ്തു.
എന്നാല്‍, ഈ പ്രവൃത്തി ആരാധികയ്ക്ക് തലവേദനയായേക്കും. ഖത്തറില്‍ വസ്ത്രധാരണം സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാണ്. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് ഖത്തര്‍ ലോകകപ്പിന് ഒരുങ്ങിയതുതന്നെ. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും നടപടി നേരിടേണ്ടിവരുമെന്നും ഖത്തര്‍ അറിയിച്ചിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തോളുകളും കാല്‍മുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തര്‍ നിയമത്തില്‍ പറയുന്നത്.