പടിഞ്ഞാറത്തറ:കെട്ടിടത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രവൃത്തികൾ പൂർത്തിയായെങ്കിലും വൈദ്യുതി ലഭ്യമാകാത്തതാണ് പ്രവർത്തനത്തിന് തടസ്സമാകുന്നത്. കൊടും വരൾച്ചയ്ക്ക് മുമ്പ് പദ്ധതി യാഥാർത്ഥ്യമാക്കാൻ അധികൃതർ തയ്യാറാവാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.
നബാർഡിന്റെ സഹായത്തോടെ കൃഷിയിടങ്ങളിലേക്ക് ജലസേചനം എത്തിക്കുന്നതിനായി പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുണ്ട്. മൂന്ന്
മോട്ടോറുകളും പമ്പ് സെറ്റുകളും പൈപ്പ് ലൈനുകളും ഇതിനായി ഒരുക്കിട്ടുണ്ട്. ഒരു കിലോമീറ്റർ അകലെ മെച്ചനയിൽ വെള്ളം ശേഖരിച്ച് വെയ്ക്കുന്നതിനുള്ള ടാങ്കും, കുളവും സ്ഥാപിച്ചിട്ടുണ്ട്. അനുബന്ധ കനാലിന്റെ പ്രവൃത്തികൾ ഇനി പൂർത്തീകരിക്കാനുമുണ്ട്. ഇറിഗേഷൻ, കെഎസ്.ഇ.ബി, റവന്യൂ എന്നീ ഡിപ്പാർട്ട്മെന്റുകൾ കൂടിയാണ് പദ്ധതി യാഥാർഥ്യമാക്കേണ്ടത്. എന്നാൽ അധികൃതർ പദ്ധതിയോട് അവഗണ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു.
വൈദ്യുത സൗകര്യം തൊട്ടരികിൽ
തന്നെയുണ്ടെങ്കിലും ഒരു ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കാം എന്നിരിക്കെ വിവിധ ന്യായീകരണങ്ങൾ പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയാണ്. പ്രളയത്തിന് ശേഷം കൊടും വരൾച്ച നേരിടുന്ന പഞ്ചായത്ത് പരിധിയിൽ പദ്ധതി കമ്മീഷൻ ചെയ്താൽ നിരവധി കർഷകർക്ക് ആശ്വാസമേകുമെന്ന് നാട്ടുകാർ പറയുന്നു.
പടിഞ്ഞാറത്തറ, കോട്ടത്തറ എന്നീ രണ്ട് പഞ്ചായത്തുകളിലെ വിവിധ കൃഷിയിടങ്ങളിലേക്ക്
ജലവിതരണം നടത്താൻ പറ്റിയ രീതിയിലായിരുന്നു ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസ് ഒരുക്കിയത്.
വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമാക്കാത്തത് നൂറ് കണക്കിന് കർഷകരെയാണ് ദുരിതത്തിലാക്കുന്നത്. വൈദ്യുതി എത്തിച്ച് ഉദ്ഘാടനം നടത്തുക മാത്രമാണ് ഇനി ചെയ്യേണ്ടത്. എത്രയും വേഗത്തിൽ പ്രവർത്തന യോഗ്യമാക്കാൻ അധികൃതർ തയ്യാറാവണമെന്നതാണ് കർഷകരുടെ ആവശ്യം.