സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്‍കി പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ശനമായ വിസ നിയമങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
കാനഡ കഴിഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോകാന്‍ താല്‍പര്യപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഓസ്‌ട്രേലിയയാണ്. വിദേശ ബിരുദ പ്രോഗ്രാമുകള്‍, കുടിയേറ്റ സൗഹൃദ നയങ്ങള്‍, പ്രശസ്തമായ സര്‍വകലാശാലകള്‍, ബിരുദാനന്തര ബിരുദാനന്തര കോഴ്‌സുകള്‍,തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുന്നത്.
ഇതിന് തിരിച്ചടിയെന്നോണമാണ് ഓസ്‌ട്രേലിയ വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
ഇംഗീഷ് പരീക്ഷകളില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം പോലുള്ള ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ സാധിക്കൂവെന്നാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ഓസ്‌ട്രേലിയയിലേക്ക് വിവിധ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ IELTS, TOEFL അല്ലെങ്കില്‍ PTE പോലുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിലേതെങ്കിലും വിജയിച്ചിരിക്കണം.
മാത്രമല്ല വിസ അനുവദിക്കുന്നതിനായുള്ള സൂക്ഷപരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്യുന്നുണ്ട്.
ഗ്രാജേറ്റ് വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ IELTS ന് കീഴില്‍ 6.5 സ്‌കോര്‍ നേടേണ്ടതായി വരും നേരത്തെ അത് 6.0 ആയിരുന്നു. അതേസമയം വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ക്ക് 5.5 വേണ്ടിടത്ത് 6.0 സ്‌കോര്‍ നേടേണ്ടതായി വരും.