തിരുവനന്തപുരം: മാലിന്യ മുക്ത കേരളത്തിനായി വൻ ക്യാമ്പയിനുമായി സർക്കാർ. സർക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക. ഒക്ടോബർ 2 മുതൽ മാർച്ച് 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും, നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാൻ അതിർത്തികളിൽ ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിക്കും, പഞ്ചായത്തുകളിൽ ശുചിത്വ പദയാത്രകൾ നടത്തും, 2025 മാർച്ച് 30 നു സമ്പൂർണ്ണ ശുചിത്വ കേരളം പ്രഖ്യാപിക്കും തുടങ്ങിയവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. ഇത് മുന്നിൽ കണ്ടാണ് മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ക്യാമ്പയിൻ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങൾ.