35 വര്‍ഷം ആയിട്ടും ഒരു നടപ്പാത പോലും അനുവദിക്കാത്ത പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചെറുശ്ശേരിപള്ളി കുന്നേരിക്കുന്ന് നിവാസികള്‍ റോഡരികില്‍ ബോര്‍ഡ് സ്ഥാപിച്ചു. മെയിന്‍ റോഡില്‍ നിന്നും ചെറുവേരി പള്ളിയിലേക്ക് പോകുന്ന വരമ്പു വഴി കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ആയിട്ടും ഒരു നടപ്പാത പോലും ആക്കാന്‍ സമ്മതിക്കുന്നില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. കുപ്പാടിത്തറ വില്ലേജ് ഓഫീസിലും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലും പരാതി ബോധിപ്പിച്ചു എങ്കിലും അധികൃതര്‍ ഇതുവരെ നിസംഗ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
ഭൂവുടമകളായ രണ്ട് സ്വകാര്യ വ്യക്തികള്‍ ആണ് നടപ്പാത നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നത്. ഇരുപതിലധികം വീടുകള്‍ഈ പ്രദേശത്തുണ്ട് .മാസങ്ങള്‍ക്കു മുമ്പ് അസുഖബാധിതനായി കുഴഞ്ഞുവീണ മത പണ്ഡിതനായ ഒരു വയോവൃദ്ധനെ കസേരയില്‍ ഇരുത്തി ചുമന്ന ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആള്‍ മരിച്ചുപോയ അവസ്ഥയാണ് ഉണ്ടായത്.പതിറ്റാണ്ടുകളായുള്ള ന്യായമായ ആവശ്യം അംഗീകരിക്കാതെ ആയപ്പോഴാണ് പ്രദേശവാസികള്‍ ഇങ്ങനെയൊരു പ്രതിഷേധം രേഖപ്പെടുത്തിയത്. മാറി മാറി വരുന്ന മുന്നണികളുടെ ജനപ്രതിനിധികളുടെ അവഗണനയില്‍ ജന രോഷം ശക്തമാകുകയാണ്.