ഡിജിറ്റല്‍ ഇന്ത്യയില്‍ നേരിട്ടുള്ള പണം ഇടപാട് കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പെട്ടിക്കട മുതല്‍ കൂറ്റന്‍ ഷോപ്പിംഗ് മോള്‍ വരെ ഇന്ന് പണമിടപാട് ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ ആപ്പുകള്‍ വഴിയാണ്. ഡിജിറ്റല്‍ ആപ്പുകളിലുടെ എളുപ്പത്തില്‍ പണം ക്രയവിക്രയം ചെയ്യാനായി ബാങ്ക് അക്കൌണ്ടുകളുടെ ക്യൂആര്‍ കോഡുകളാണ് ഇന്ന് മിക്ക കടകള്‍ക്ക് മുന്നിലും ഉള്ളത്. ക്യൂആര്‍ കോഡ് വഴിയുള്ള പണമിടപാട് പക്ഷേ അത്ര സുതാര്യമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കിഴഞ്ഞ ദിവസം ചൈനയിലെ ഒരു ഉന്നത സർവകലാശാലയിലെ നിയമ ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തത് ഇത്തരത്തില്‍ ക്യൂആര്‍ കോഡ് തട്ടിപ്പിനെ തുടര്‍ന്നാണെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അയാള്‍ ചെയ്തതാകട്ടെ ക്ഷേത്രങ്ങളിലെ സംഭാവന പെട്ടികൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ക്യു ആർ കോഡുകൾ മാറ്റി സ്വന്തം ക്യൂആർ കോഡ് സ്ഥാപിച്ചു. അങ്ങനെ വിശ്വാസികള്‍ ദൈവത്തിനായി നല്‍കിയ പണമെല്ലാം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയായിരുന്നു.
ചൈനയിലെ വിവിധ പ്രവിശ്യകളിലെ ബുദ്ധക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ ഈ ഹൈടെക് മോഷണം നടത്തിയത്. തെക്കുപടിഞ്ഞാറൻ പ്രവിശ്യകളായ സിചുവാൻ, ചോങ്‌കിംഗ്, വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷാങ്‌സി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് 30,000 യുവാൻ ( 3,52,011 രൂപ ) ഇയാൾ ഇത്തരത്തില്‍ മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ലെങ്കിലും ചൈനയിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിലൊന്നിൽ നിന്ന് ഇയാൾക്ക് നിയമത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടെന്ന് സൗത്ത് ചൈന
മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.