ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ ഉൽപ്പാദക രാജ്യമായ ഘാന ആദ്യമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്നു. റോയൽ ഘാന ഗോൾഡ് റിഫൈനറി എന്ന ഈ പുതിയ സ്വർണ ശുദ്ധീകരണ ശാല ഒരു ദിവസം 400 കിലോഗ്രാം സ്വർണം ശുദ്ധീകരിക്കാൻ ലക്ഷ്യമിടുന്നു, പ്രധാനമായും ചെറുകിട ഖനികളിൽ നിന്ന് ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ നിന്നുള്ള സ്വര്‍ണ ശുദ്ധീകരണമാണ് ഈ പുതിയ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രതിവർഷം 4 ദശലക്ഷം ഔൺസ് ഉൽപാദിപ്പിക്കുന്ന ഘാനയുടെ സ്വർണ ഉത്പാദനത്തിന്‍റെ മൂന്നിലൊന്ന് വരുമെന്ന് ബ്ലൂംബർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഗലാംസെ’ എന്നറിയപ്പെടുന്ന അനധികൃത ഖനിത്തൊഴിലാളികൾ നിയമവിരുദ്ധമായി ഉൽപ്പാദിപ്പിക്കുന്ന സ്വർണം നിലവില്‍ അനധികൃതമായി രാജ്യത്തിന് പുറത്ത് പോകുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന് വെല്ലുവിളിയായ സ്വർണ കള്ളക്കടത്ത് കുറയ്ക്കുന്നതിൽ ഈ ശുദ്ധീകരണശാലയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഓഫ് ഘാന ഗവർണർ ഏണസ്റ്റ് അഡിസൺ പറഞ്ഞു. റിഫൈനറിയുടെ 80 % പങ്കാളിത്തം ഇന്ത്യയിലെ ഗുജറാത്ത് ആസ്ഥാനമായ റോസി റോയൽ മിനറൽസ് ലിമിറ്റഡിനും ബാക്കി 20 % ഘാന സെൻട്രൽ ബാങ്കിനുമാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.