നോവുകളുടെ കണ്ണീര്‍തുടച്ച് കുട്ടികള്‍ക്കിടയില്‍ പാട്ടുപാടിയും കൂട്ടുകൂടിയും ഒരു ദിനം. ദുരന്തം നിഴല്‍വീഴ്ത്തിയ ഇന്നലെകളില്‍ നിന്നും കുട്ടികളെ പുതിയ പുലരികളിലേക്ക് കൈപിടിക്കാന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ചലച്ചിത്ര ഹാസ്യനടന്‍ വിനോദ് കോവൂരും , മനശാസ്ത്ര വിദഗ്ധൻ ഡോ. മോഹൻ റോയിയും മേപ്പാടിയിലെത്തി. ഉറ്റവരെയും നാടിനെയും ഒരു രാത്രി കൊണ്ട് നഷ്ടമായ കുരുന്നുകള്‍ക്കിടയില്‍ അതിജീവനത്തിനായി ഇവര്‍ കലാപരിപാടികള്‍ ഒരുക്കി. ഭീതിതമായ ദുരന്തരാത്രിയിലെ നടുക്കങ്ങളെ മറികടക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷനാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക വേദിയൊരുക്കിയത്. കുഞ്ഞുകുഞ്ഞു കഥകളും അതിലൊളിപ്പിച്ച മായാജാലങ്ങളുമായാണ് ഗോപിനാഥ് മുതുകാട് കുട്ടികളുടെ മുന്നിലെത്തിയത്. എല്ലാം മറന്ന് കുട്ടികളെല്ലാം മുതുകാടിന്റെ മായജാലങ്ങളില്‍ മാന്ത്രികരായി. ജാലവിദ്യകള്‍ പഠിക്കാനും കുട്ടികള്‍ക്കിടയില്‍ തിടുക്കമായി. ഉത്സാഹത്തിന്റെയും നൈപൂണ്യത്തിന്റെയും മായാജാലങ്ങള്‍ക്കിടയില്‍ ഗോപിനാഥ് മുതുകാട് കുട്ടികളെയും ചേര്‍ത്തുപിടിച്ചു. എളുപ്പം പഠിച്ചെടുക്കാവുന്ന മാജിക്കുകളും അതിന്റെ പിന്നാമ്പുറങ്ങളുമെല്ലാം കുട്ടികള്‍ക്കായി പരിചയപ്പെടുത്തി. അതിനൊപ്പം അതിജീവിക്കാനുള്ള കരുത്തുപകരുന്ന കഥകള്‍ കൂടി പങ്കുവെച്ചതോടെ ദുഖം തളം കെട്ടി നിന്ന ക്യാമ്പിന് അല്‍പ്പമെങ്കിലും ആശ്വാസത്തിന്റെ തലോടലായി. വിനോദ് കോവൂരിന്റെ പാട്ടിനൊത്ത് കുട്ടികള്‍ താളം പിടിച്ചു. കഥകള്‍ക്കൊപ്പം സഞ്ചരിച്ചു. ശബ്ദാനുകരണത്തിന്റെയും ഏകാഭിനയത്തിന്റെയും വേറിട്ട വഴികളില്‍ അവര്‍ എല്ലാം മറന്നു. മനശാസ്ത്ര വിദഗ്ധൻ ഡോ. മോഹൻ റോയി കുട്ടികളുമായി സംവദിച്ചു.മേപ്പാടി സെൻ്റ് ജോസഫ് യു.പി സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കലാപരിപാടികൾ അരങ്ങേറിയത്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ , കമ്മിഷൻ അംഗങ്ങളായ ഡോ.എഫ്. വിൽസൺ , ബി. മോഹൻ കുമാർ, കെ. കെ. ഷാജു, എന്നിവർ ക്യാമ്പുകളിലെ കുട്ടികൾക്കായുള്ള പരിപാടികൾക്ക് നേതൃത്വം നൽകി. എ.ഡി.എം. കെ. ദേവകി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ് , ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ കെ.ഇ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.