കൊച്ചി: ആടുജിവിതം സിനിമയിലൂടെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് ഇരട്ടി മധുരമെന്ന് നടന്‍ പൃഥ്വിരാജ്. ആടുജീവിതത്തില്‍ പ്രവര്‍ത്തിച്ച ആര്‍ക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്നും സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. പുരസ്‌കാരം കിട്ടിയതുകൊണ്ട് സിനിമയോടുള്ള തന്റെ സമീപനം മാറില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ആടുജീവിതത്തില്‍ പ്രവര്‍ത്തിച്ച ആര്‍ക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. ആ സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നു. വലിയ കാലയളവാണ് അത്. വര്‍ഷങ്ങളോളം ഒരു ടീം ഒറ്റമനസ്സോടെ ഒരു സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ആടുജീവിതം തിയേറ്ററില്‍ എത്തിയത്. ഭംഗിവാക്കല്ല. വലിയ ഗ്രൂപ്പിന്റെ വലിയ പ്രയത്‌നം സിനിമയ്ക്ക് പിന്നിലുണ്ട്. വലിയ സന്തോഷം, വലിയ അഭിമാനം. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരില്‍ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് ഈ സന്തോഷം എന്നത് ഇരട്ടിമധുരമാണ്. അഭിമാനം തോന്നുന്ന നിമിഷം’, എന്നും പൃഥ്വിരാജ് പ്രതികരിച്ചു.
2008 ലാണ് ബ്ലെസി ആടുജീവിതം എന്ന സിനിമ സ്വപ്‌നം കണ്ടത്. അദ്ദേഹത്തിന്റെ വിഷന്‍ പങ്കുവെക്കുമ്പോള്‍ പലപ്പോഴും അസാധ്യമായ സ്വപ്‌നം എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അസാധ്യമായ സ്വപ്നം സാധ്യമാക്കുകയായിരുന്നു. മനസ്സില്‍ കണ്ട അതേ നിലവാരത്തില്‍ യാതൊരു കോംപ്രമൈസും ചെയ്യാതെയാണ് സിനിമ സാക്ഷാത്കരിക്കപ്പെടുന്നത്. ബ്ലെസി എന്ന സംവിധായകന്റെ അര്‍പ്പണമാണതിന് പിന്നില്‍. ആടുജീവിതത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് ബ്ലെസി ചേട്ടനാണെന്നും പൃഥ്വിരാജ് പറഞ്ഞു.