മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അഭ്രപാളിയിൽ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് നടി ഉർവശി. ഉള്ളൊഴുക്കിലെ പാർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉർവശി എത്തിയപ്പോൾ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉർവശി വിസ്മയിപ്പിക്കുകയായിരുന്നു. വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥഗർഭമായ ശാന്തതയുമൊക്കെ ലീലാമ്മയിൽ മിന്നി മറഞ്ഞപ്പോൾ ഉർവശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവർ ഏറെയായിരുന്നു. ആ കരുതലുകളുടെ ഉറപ്പ് കൂടിയായിരുന്നു ഉർവശിയുടെ മികച്ച നടിക്കുള്ള ഈ പുരസ്കാരനേട്ടം
1977 ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978 ൽ റിലീസായ ‘വിടരുന്ന മൊട്ടുകളി’ലൂടെയാണ് ആദ്യമായി മലയാളികളുടെ മുന്നിലെത്തുന്നത്. അതിനു ശേഷം 1979-ൽ ‘കതിർ മണ്ഡപം’ എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി പ്രത്യക്ഷപ്പെട്ടു.1983-ൽ തൻ്റെ പതിമൂന്നാം വയസിലാണ് ആദ്യമായി നായികയായി വേഷമിടുന്നത്. കാർത്തിക് നായകനായ ‘തൊടരും ഉണർവ്വ്’ എന്ന തമിഴ് ചിത്രത്തിൽ പിന്നീടും മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് റിലീസായത്. ഇതിനിടെ നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ ‘മുന്താണെ മുടിച്ച്’ ആയിരുന്നു. ഈ സിനിമ വൻ വിജയം ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറുന്ന കാഴ്ചയാണ് നമ്മൾ പിന്നീട് കണ്ടത്. തുടർന്നങ്ങോട്ട് മലയാളിയുടെ മനസിലേക്ക് ചേക്കേറിയ ഇന്നും സിനിമാപ്രേമികൾ നെഞ്ചോട് ചേർക്കുന്ന കഥാപാത്രങ്ങളുമായി ഉർവശി മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിലേക്ക് സ്ഥാനം നേടുകയായിരുന്നു.
80 കളിലും 90 കളിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. കോമഡി ടൈമിങ്ങിലും ഗൗരവകഥാപാത്രങ്ങളിലും തന്റേതായൊരു വ്യക്തി മുദ്ര പതിപ്പിക്കാൻ ഉർവശിക്ക് കഴിഞ്ഞു എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു അവരുടെ ഓരോ വേഷങ്ങളും. അനിയത്തിയായാലും കാമുകിയായാലും ഭാര്യയായാലും അമ്മയായാലും അമ്മായിയമ്മയായാലും ഈ വേഷത്തിൽ ഉർവശി ഭദ്രമെന്ന് തോന്നിപ്പിച്ചിടത്തായിരുന്നു അവരുടെ കഥാപാത്രങ്ങളുടെ വിജയം