ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് രണ്ടാഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്പാനിഷ് മുന്നേറ്റ താരം ജെസസ് ജിമെനെസ് നൂനെസിനെ ക്ലബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. രണ്ട് വർഷത്തെ കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ എഫ് സി ടലവേരയിലാണ് ജിമെനെസ് തന്റെ കഴിവുതെളിയിച്ചത്.
2016-17 സീസണിൽ ജിമെനെസ് 33 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടി. രണ്ട് സീസണുകളിൽ ടലവേരയ്ക്കായി ജിമെനെസ് കളിച്ചു. 68 മത്സരങ്ങളിൽ നിന്നായി 36 ഗോളുകൾ താരം വലയിലെത്തിച്ചു.
കഴിഞ്ഞ സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റിനൊപ്പമാണ് ജിമെനെസ് ഒടുവിൽ കളിച്ചത്. അതിന് മുമ്പ് മേജർ ലീഗ് സോക്കറിൽ അമേരിക്കൻ ക്ലബായ എഫ് സി ഡല്ലാസിനും ടൊറന്റോ എഫ് സിക്കും വേണ്ടി കളിച്ചു. മേജർ ലീഗ് സോക്കറിൽ ഒമ്പത് ഗോളുകൾ നേടിയ താരം ആറ് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.