എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ
അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.
പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട അന്തർനാടകങ്ങൾക്കൊടവിലാണ് പ്രത്യേത അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. പക്ഷെ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രം.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. ഈ അന്വേഷണം പ്രഹസനമാകുമെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.