പോകുന്നിടത്തെല്ലാം ഫോണ്‍കൊണ്ടുപോവുക എന്നത് നമ്മുടെയെല്ലാം ശീലമായിക്കഴിഞ്ഞു, അതിപ്പോള്‍ ശുചിമുറിയിലായാലും. എത്രനേരം വേണമെങ്കിലും ഫോണുമായി ടോയ്‌ലറ്റ് സീറ്റിലിരിക്കാൻ പലര്‍ക്കും ഒരുമടിയും ഇല്ല. എന്നാല്‍ ഫോണ്‍ കൊണ്ട് ശുചിമുറിയില്‍ പോകുന്നത് അത്ര നല്ല കാര്യമല്ല. ശ്രദ്ധിച്ചോളു, വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ശുചിമുറി എത്രയൊക്കെ വൃത്തിയാക്കിയാലും പൂർണ്ണമായും അണുവിമുക്തമാകില്ല. ഈ അണുക്കള്‍ അപകടകാരികളാണെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നിട്ടും ഫോണുമായി ടോയ്‌ലറ്റിലേയ്ക്ക് പോകാൻ ആളുകൾക്ക് മടിയില്ല. ഗെയിം കളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും റീല്‍സ് കാണാനും ഒക്കെ ബാത്ത് റും മികച്ച ഇടമായിട്ടാണ് പലരും കാണുന്നത്.
പൈല്‍സും മലബന്ധവും
ബാത്ത്‌റൂമില്‍ ഫോണുമായി ധാരാളം സമയം ചിലവഴിക്കുന്നത് പൈല്‍സും മലബന്ധവും ഉണ്ടാകാന്‍ കാരണമാകുന്നു. വേദനാജനകമായ ഈ പൈല്‍സ് മലമൂത്രവിസര്‍ജ്ജനവും വേദനാജനകമാക്കുന്നു. ടോയ്‌ലറ്റില്‍ ധാരാളം സമയം ഫോണുമായിരിക്കുന്നത് മലായശത്തിനും മലദ്വാരത്തിനും ചുറ്റുമുള്ള രക്തക്കുഴലുകളില്‍ അമിതമായ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. കാലക്രമേണ ആവര്‍ത്തിച്ച് ലഭിക്കുന്ന ഈ സമ്മര്‍ദ്ദം ഇത് ഹെമറോയ്ഡ് അല്ലെങ്കില്‍ പൈല്‍സിലേക്ക് വഴിതെളികുന്നു. പൈല്‍സ് ബാധിച്ചിട്ടുള്ള പലരും ടോയ്‌ലറ്റില്‍30-45 മിനിറ്റ് സമയം ചെലവഴിക്കുന്നവരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.
മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍
ഫോണുമായി ടോയ്‌ലറ്റ് സീറ്റില്‍ കുനിഞ്ഞിരിക്കുന്നത് കഴുത്തുവേദനയ്ക്കും പുറംവേദനയ്ക്കും കാരണമാകാറുണ്ട്. ശുചിമുറി വളരെ കുറച്ച് സമയം ചെലവഴിക്കേണ്ടയിടമാണ്. അത് ഡിജിറ്റല്‍ ഇടങ്ങളിൽ ചെലവഴിക്കാനുള്ള സമയമാക്കി മാറ്റുമ്പോള്‍ സ്‌ക്രീന്‍ സമയം കൂട്ടുകയും അത് ഭാവിയില്‍ വിരസതയിലേക്കും മടിയിലേക്കും നയിക്കുകയും, ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഫോണ്‍ മാത്രമല്ല പത്രവും പുസ്തകവും ഒന്നും ശുചിമുറിയില്‍ കൊണ്ടുപോകുന്നതും നല്ലതല്ല.