യുവേഫ ചാംപ്യൻസ് ലീഗിൽ വമ്പൻ വിജയവുമായി റയൽ മാഡ്രിഡ്. നിലവിലത്തെ ചാംപ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ബൊറൂസ്യ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് ഗോളിലാണ് റയൽ വലിയ വിജയത്തിലേക്ക് നീങ്ങിയത്. ആന്റോണിയോ റൂഡ്രിഗർ, ലൂകാസ് വാസ്ക്വസ് എന്നിവർ ഓരോ ഗോളുകളും നേടി.
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പി എസ് ജിയെ നെതർലാൻഡ്സ് ക്ലബ് പി എസ് വി ഐന്തോവൻ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഇംഗ്ലീഷ് ക്ലബ് ആഴ്സണലും വിജയം നേടി. ഉക്രൈൻ ക്ലബ് ഷാക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗണ്ണേഴ്സ് സംഘം നേടിയത്.
യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് ക്ലാസിക് പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിനെ സ്പാനിഷ് കരുത്തരായ ബാഴ്സലോണ നേരിടും. ചാംപ്യൻസ് ലീഗിൽ ഒരു ജയവും ഒരു തോൽവിയുമുള്ള ബാഴ്സയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകളും ഇന്ന് കളത്തിലിറങ്ങും.








