തിരുവനന്തപുരം:
ചോക്കളേറ്റ്, ബിസ്ക്കറ്റ്, കുക്കീസ്, ഇവയുടെയെല്ലാം അഞ്ച് രൂപ മുതലുള്ള പാക്കറ്റുകള്‍ കടകള്‍ നിറയെ കാണാം. പക്ഷെ ഈ കാഴ്ച ഇനി അധികകാലം നീണ്ടു നില്‍ക്കില്ല. അഞ്ച് രൂപ, പത്ത് രൂപ പാക്കറ്റുകളിലുള്ള സാധനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയാത്ത വിധം വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നതായി എഫ്‌എംസിജി കമ്പനികള്‍ പറയുന്നു. പഴയ പത്ത് രൂപയുടെ പാക്കറ്റുകള്‍ ഇന്നത്തെ ഇരുപത് രൂപാ പാക്കറ്റുകളെന്ന് ചുരുക്കം. അസംസ്കൃത വസ്തുക്കളിലുണ്ടാകുന്ന വിലക്കയറ്റമാണ് കുറഞ്ഞ വിലയ്ക്കുള്ള ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതില്‍ നിന്ന് കമ്പനികളെ പിന്തിരിപ്പിക്കുന്നത്. പാംഓയില്‍, കാപ്പി, കൊക്കോ തുടങ്ങിയവയുടെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 മുതൽ 60 ശതമാനം വരെ വര്‍ധനയുണ്ടായതായി എഫ്‌എംസിജി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ എഫ്‌എംസിജി കമ്പനികളുടെ ഉല്പന്നങ്ങളുടെ വില്പനയുടെ 32 ശതമാനവും അഞ്ച് രൂപ പാക്കറ്റുകളാണ്. പത്ത് രൂപ പാക്കറ്റുകള്‍ 23 ശതമാനവും 20 രൂപ പാക്കറ്റുകള്‍ 12-14 ശതമാനവും സംഭാവന ചെയ്യുന്നു. ഇതില്‍ 12 മുതൽ 14 ശതമാനം വരെ വില്പന നടക്കുന്ന 20 രൂപ പാക്കറ്റുകള്‍ വരും വർഷങ്ങളിൽ 25 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. പത്ത് രൂപയുടെ ഉല്പന്നങ്ങള്‍ ആകെ വില്പനയുടെ 25 ശമതാനത്തിലേക്ക് ഉയരും. അതേസമയം 5 രൂപ പാക്കറ്റുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കമ്പനികള്‍ പറയുന്നു. പകരം അഞ്ച് രൂപയ്ക്ക് നല്‍കുന്ന ഉല്പന്നത്തിന്‍റെ തൂക്കമോ അളവോ കുറച്ച് വില അതേപടി നില നിര്‍ത്താനാകും കമ്പനികള്‍ ശ്രമിക്കുക. പ്രമുഖ എഫ്‌എംസിജി കമ്പനിയായ നെസ്‌ലെ അവരുടെ 5 രൂപ പാക്കറ്റുകളുടെ വില 7 രൂപയിലേക്കും പിന്നീട് അത് 10 രൂപയിലേക്കും ഉയര്‍ത്തിയിരുന്നു. ഇന്ന് നെസ്‌ലെയുടെ ആകെ വില്പനയുടെ 16 മുതൽ 20 ശതമാനം വരെ ഈ വിഭാഗത്തില്‍ നിന്നാണ്.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.