ഓസ്ട്രേലിയ:
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് നീക്കവുമായി ഓസ്ട്രേലിയ. മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പ്രഖ്യാപിച്ചു.
ബന്ധപ്പെട്ട കമ്പനികൾ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കണം അല്ലെങ്കിൽ സാധ്യതയുള്ള പിഴകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. സോഷ്യൽ മീഡിയ കുട്ടികളെ ദ്രോഹിക്കുന്നുവെന്നും ഈ പ്രശ്നം പരിഹരിക്കാൻ ഈ മാസം അവസാനം നിയമനിർമ്മാണം നടത്തുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് തെളിയിക്കാനുള്ള ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും. ഉത്തരവാദിത്തം മാതാപിതാക്കൾക്കോ കുട്ടികൾക്കോ ആയിരിക്കില്ല. ഉപയോക്താക്കൾക്ക് പിഴകളൊന്നും ഉണ്ടാകില്ല’ എന്നാണ് ആൻ്റണി അൽബാനീസിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.
തെറ്റായ വിവരങ്ങളുടെയും മാനസികാരോഗ്യ പ്രശ്‌നങ്ങളുടെയും വർദ്ധനവിന് ഉത്തരവാദികൾ ടെക്‌നോളജി ഭീമന്മാരാണെന്നാണ് ആൽബനീസിൻ്റെ നിലപാട്. ഇവരെ തടയാൻ അൽബനീസിൻ്റെ മധ്യ-ഇടത് ലേബർ ഗവൺമെൻ്റ് അവതരിപ്പിച്ച വിശാലമായ നടപടികളുടെ ഭാഗമായാണ് സോഷ്യൽ മീഡിയയിലെ പ്രായനിയന്ത്രങ്ങൾ. ദീർഘകാലമായി ആലോചനയിലുണ്ടായിരുന്നതാണ് ഇപ്പോൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച സോഷ്യൽ മീഡിയയിലെ പ്രായനിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ.