രക്തത്തില്‍ കാണപ്പെടുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. പ്യൂരിൻസ് എന്നറിയപ്പെടുന്ന രാസവസ്തുക്കള്‍ ശരീരം ഉല്പാദിപ്പിച്ച ശേഷം ചില രാസ പ്രവർത്തനങ്ങളിലൂടെ വിഘടിപ്പിക്കുമ്പോഴാണ് ഇത്തരം മാലിന്യങ്ങള്‍ ഉണ്ടാവുന്നത്. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടിയാല്‍ എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? യൂറിക് ആസിഡ് കൂടിയാല്‍ ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിവയ്‌ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് സന്ധിവാതത്തിനും, മൂത്രക്കല്ലിനും, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും വഴിവെക്കുന്നു. യൂറിക് ആസിഡ് നിയന്ത്രിച്ച് നിർത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ഈ ഡ്രൈ ഫ്രൂട്ടസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം..
വാല്‍നട്ട്
ഒമേഗ-3 ഫാറ്റി ആസിഡ്, ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാല്‍നട്ടുകള്‍. യൂറിക് ആസിഡ് മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു. സന്ധിവാതം പിടിപെടാനുള്ള സാധ്യതകള്‍ ഇത് കുറയ്‌ക്കുന്നു. അതിനാല്‍ വാല്‍നട്ടുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
പിസ്ത
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് പിസ്ത. ഇത് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. സമ്മർദ്ദം അധികമായാല്‍ ശരീരത്തിലെ ആസിഡിന്റെ അളവും വർദ്ധിക്കുന്നു. ഇതൊഴിവാക്കാനായി പിസ്ത കഴിക്കാം..
ബദാം
നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബദാം. ദഹനം കൃത്യമാക്കുന്നതിനും യൂറിക് ആസിഡിന്റെ ലെവല്‍ കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിൻ ഇ-യും ശരീരത്തിനാവശ്യമായ കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈന്തപ്പഴം
വൃക്കയുടെ ആരോഗ്യത്തിന് ഈന്തപ്പഴം ശീലമാക്കുന്നത് നല്ലതാണ്. പൊട്ടാസ്യവും നാരുകളും ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. യൂറിക് ആസിഡിന്റെ ലെവല്‍ നിയന്ത്രിച്ച് നിർത്തി ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ ഈന്തപ്പഴം നല്‍കുന്നു.