സ്വകാര്യ ബസ്സുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസ്സുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതിരിക്കുന്ന സ്‌കീം നിയമപരമല്ലെന്ന സ്വകാര്യ ബസ്സുടമകളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്‍ താൽകാലിക പെര്‍മിറ്റ് നിലനിര്‍ത്താന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. സ്വകാര്യ ബസ്സുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെയും നിലപാട്. കോടതിയുടെ ഉത്തരവ് കെഎസ്ആര്‍ടിസിക്കും തിരിച്ചടിയായിരിക്കുകയാണ്. 2023 മെയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ്സുകളുടെ സര്‍വീസ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്. പിന്നീടാണ് സ്വകാര്യ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതും താൽകാലികമായി ഈ ഉത്തരവില്‍ ഇളവ് നേടുകയും ചെയ്തത്. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് 2022 ഒക്ടോബറില്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാല് മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസ്സുകള്‍ക്ക് താൽകാലിക പെര്‍മിറ്റ് നല്‍കുകയുമായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ച മുറയ്ക്കാണ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത്. തുടര്‍ന്ന് താൽകാലിക പെര്‍മിറ്റ് അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എംവിഡിയുടെ നിലപാട്. പെര്‍മിറ്റ് കാലാവധി അവസാനിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ പാടില്ലായെന്ന് നോട്ടിഫിക്കേഷന്‍ നല്‍കി. ഇതിനെതിരേ ചില ബസ്സുടമകള്‍ കോടതിയെ സമീപിച്ച് താൽകാലിക സ്റ്റേ വാങ്ങിയിരുന്നു.

ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി
പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍ കാണാതെ പരാതി പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര സെല്ലിന് തുടക്കമായി.