നവംബര്‍ 12, ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. ‘ന്യൂമോണിയ തടയാനുള്ള പോരാട്ടം’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുയും ചെയ്യുന്നു. ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്, പ്രാഥമികമായി വൈറസ്, ബാക്ടീരിയ, അല്ലെങ്കില്‍ ഫംഗസ്. ഇത് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നു. പ്രായമായവരില്‍ (55 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍), ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാദ്ധ്യത ചെറുപ്പക്കാരേക്കാള്‍ 13 മടങ്ങ് കൂടുതലാണ് (പ്രായം 18-49). ദൗര്‍ഭാഗ്യവശാല്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകര്‍ച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വര്‍ഷവും ഏകദേശം 1.6 ദശലക്ഷം ജീവന്‍ ന്യുമോണിയ മൂലം നഷ്ടപ്പെടുന്നു. മെഡിക്കല്‍ പുരോഗതികള്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുന്നു. പ്രത്യേകിച്ചും 2021-ലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍. ന്യൂമോണിയ സംബന്ധമായ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാല്‍, ആരോഗ്യ പരിപാലന അസമത്വങ്ങളും ലോക ന്യുമോണിയ ദിനം ഉയര്‍ത്തിക്കാട്ടുന്നു. വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ഓക്‌സിജന്‍ തെറാപ്പി, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോഷകാഹാരം തുടങ്ങിയ അവശ്യങ്ങളാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. ന്യുമോണിയയുടെ ആഘാതം മരണനിരക്കിനും അപ്പുറമാണ്. രോഗം അതിജീവിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുക, ബുദ്ധി വികാസത്തിന് കാലതാമസം, ആവര്‍ത്തിച്ചുള്ള ശ്വസന അണുബാധകള്‍ എന്നീ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. കൂടാതെ, ന്യുമോണിയ ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നു. പ്രത്യേകിച്ച് ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍ കൂടാതെ രോഗ ബാധിത കുടുംബങ്ങളില്‍ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടും നേരിടേണ്ടതായി വരുന്നു.
ന്യുമോണിയയുടെ കാരണങ്ങള്‍
ബാക്ടീരിയ
സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയയാണ് ഏറ്റവും സാധാരണമായ കാരണം.
വൈറസ്: RSV
ഇന്‍ഫ്ലുവന്‍സ, കൊറോണ വൈറസുകള്‍.
ഫംഗസ്
പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നു.
അപകട ഘടകങ്ങള്‍
പ്രായം
അഞ്ച് വയസിന് താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവരും.
പോഷകാഹാരക്കുറവ് വിട്ടുമാറാത്ത രോഗങ്ങള്‍
ആസ്ത്മ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍.
പരിസ്ഥിതി ഘടകങ്ങള്‍
വായു മലിനീകരണം, പുകവലി, മുതലായവ.
രോഗ ലക്ഷണങ്ങള്‍
കടുത്ത പനി, വിറയല്‍, കഫത്തോടുകൂടിയ ചുമ, ശ്വാസതടസം, ക്ഷീണം, തുടങ്ങിയവ.
വ്യാപനം
ന്യുമോണിയ ഒരു സാംക്രമിക രോഗമാണ്. ചുമ, തുമ്മല്‍, മലിനമായ പ്രതലങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പടരുന്നു.
ചികിത്സ
1930-ല്‍ ആദ്യത്തെ ആന്റി ബാക്ടീരിയല്‍ ഏജന്റായ സള്‍ഫാപിരിഡിന്‍, ബാക്ടീരിയ ന്യുമോണിയയെ ചികിത്സിക്കുന്നതിനായി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വികസിപ്പിച്ചെടുത്തു. 1928-ല്‍ പെന്‍സിലിന്‍ കണ്ടുപിടിച്ചെങ്കിലും 1941 വരെ ഇത് ചികിത്സാ സംബന്ധമായി ഉപയോഗിച്ചിരുന്നില്ല. ഇന്ന് ബാക്ടീരിയല്‍ ന്യുമോണിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. അതേസമയം വൈറല്‍ അണുബാധയാണെങ്കില്‍ ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമാണ്. കൂടാതെ കഫം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്‌സും അനുബന്ധ ചികിത്സകളില്‍ ഉള്‍പ്പെടുന്നു.