തൊഴിലുറപ്പ് നിർമ്മാണ പദ്ധതികള്‍ക്ക് നിയമിക്കുന്ന കരാർ ജീവനക്കാർ മറ്റു ജോലികളില്‍ ഏർപ്പെടുന്നതിന് പൂട്ട്. ഇത്തരക്കാരെ കരാർ ജോലിയില്‍ നിന്ന് പുറത്താക്കാൻ സർക്കാർ ഉത്തരവിറക്കി. പലരും സ്വന്തം പേരിലും ബിനാമിയായും സ്ഥാപനം തുടങ്ങി പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പണികള്‍ നേടുന്നുണ്ടെന്ന് വിജിലൻസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്ലാൻ വരയ്ക്കല്‍, ഡ്രോയിംഗ് തയ്യാറാക്കല്‍ തുടങ്ങിയ ജോലികളാണ് ഇവരുടെ സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കിവരുന്നത്. ഈ അഴിമതിക്കാണ് തടയിടുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പഞ്ചായത്ത് സെക്രട്ടറിമാർ പുറത്താക്കണം. ഇല്ലെങ്കില്‍ ജില്ലാ കളക്ടർക്ക് ഇതിനുള്ള പ്രത്യേക അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒന്നുവീതം അക്രഡിറ്റഡ് എഞ്ചിനിയർ, അക്രഡിറ്റഡ് ഓവർസിയർ, മൂന്ന് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നിവരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കലുള്‍പ്പെടെ ഇവരുടെ ചുമതലയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ജോലിയില്‍ ശ്രദ്ധിക്കാറില്ല. എഞ്ചിനിയറിംഗ് വിഭാഗത്തിലെ കെട്ടിനിർമ്മാണ അപേക്ഷകളില്‍ ഇടപെടും. ഇതിന്റെ ജോലികള്‍ പുറത്തുകൊണ്ടുപോയി ചെയ്യും. കൈമടക്ക് നല്‍കിയാണ് ഇത് നേടിയെടുക്കുന്നത്.
അഴിമതിയുടെ വഴി
1) പഞ്ചായത്തുകളില്‍ സമർപ്പിക്കുന്ന പ്ലാനുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാങ്കേതിക കാരണം പറഞ്ഞ് നിരസിക്കും
2) പഞ്ചായത്ത് ഓഫീസിന് സമീപം കരാർ ജീവനക്കാർ തുടങ്ങിയ സ്ഥാപനത്തിലേക്ക് അപേക്ഷകരെ അയയ്ക്കും
3) അവിടെ നിന്ന് സമർപ്പിക്കുന്ന അപേക്ഷകള്‍ വേഗം അംഗീകരിക്കും. കാര്യം നടക്കുമെന്നതിനാല്‍ അപേക്ഷകനും ഹാപ്പി
4) ഇത്തരം സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി നിയമവിരുദ്ധമായ അനുമതിയും കെട്ടിട നമ്പറുകളും നേടിയെടുക്കുന്നതും പതിവായി.
941 പഞ്ചായത്തുകളില്‍ തൊഴിലുറപ്പിന്റെ കരാർ ജീവനക്കാരായി 4705 പേരുണ്ട്.