ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവിനത്തില്‍ സ്‌കൂളുകള്‍ക്ക് നല്‍കേണ്ട രണ്ടര മാസത്തെ തുക ഇതുവരെ കിട്ടിയില്ല. ഇതോടെ സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഉച്ചഭക്ഷണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പോഷകാഹാര പദ്ധതിയായ മുട്ട, പാല്‍ വിതരണത്തിനായി പ്രധാനാധ്യാപകര്‍ കടം വാങ്ങിയും മറ്റും ചെലവഴിച്ച തുകയും നല്‍കിയിട്ടില്ല. പ്രധാനാധ്യാപകരെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഫയല്‍ ചെയ്ത കേസിന്‍റെ അന്തിമ വിചാരണ ബുധനാഴ്ച തുടങ്ങും. കഴിഞ്ഞ മാസം 26-ന് വാദം നടക്കേണ്ടിയിരുന്ന കേസ് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് മാറ്റിയത്. ഓഗസ്റ്റ് വരെയുള്ള ഉച്ചഭക്ഷണം, മുട്ട, പാല്‍ വിതരണം എന്നിവയ്ക്കുള്ള ഫണ്ട് കോടതിയുടെ കര്‍ശന ഇടപെടല്‍ മൂലം സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനുള്ള സെപ്റ്റംബറിലെ സംസ്ഥാന വിഹിതമായ 40 ശതമാനം തുക മാത്രമാണ് സ്‌കൂളുകള്‍ക്ക് നല്‍കിയത്. കേന്ദ്രവിഹിതമായ 60 ശതമാനം ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയോ കണക്കുകള്‍ സമര്‍പ്പിക്കുകയോ ചെയ്യാത്തതിനാലാണ് കേന്ദ്രം തുക അനുവദിക്കാത്തത് എന്ന് അറിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ മുട്ട, പാല്‍ വിതരണത്തിനുള്ള ഫണ്ടും ഒക്‌ടോബര്‍ മുതല്‍ നല്‍കിയിട്ടില്ല. സഹാധ്യാപകരില്‍നിന്ന് കടം വാങ്ങിയും സ്വർണ്ണാഭരണങ്ങള്‍ ബാങ്കില്‍ പണയംവെച്ചും മറ്റുമാണ് പ്രധാനാധ്യാപകര്‍ ചെലവിനുള്ള തുക കണ്ടെത്തിയത്. കോടതി ഓരോ തവണയും കേസ് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് സര്‍ക്കാര്‍ തുക അനുവദിക്കുന്നതെന്നും, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി പ്രധാനാധ്യാപകര്‍ക്ക് തികഞ്ഞ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണെന്നും കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.സുനില്‍കുമാര്‍, പ്രസിഡണ്ട് പി.കൃഷ്ണപ്രസാദ് എന്നിവര്‍ പറഞ്ഞു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.