അംഗീകാരമില്ലാത്ത പ്ലാസ്റ്റിക് ഉല്പന്ന നിർമാണം തടയാൻ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനം വേണമെന്ന് ഹൈകോടതി. സ്ഥാപനങ്ങള്‍ അനധികൃതമായി പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കവർ തുടങ്ങിയവ ഉല്പാദിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്‍റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങള്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രജിസ്ട്രേഷനില്ലാതെ പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ നിർമ്മിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. വിഷയം ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. പരിശോധന സംവിധാനമൊരുക്കാൻ മതിയായ ജീവനക്കാരില്ലെന്ന് ഹരജി പരിഗണിക്കവേ മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്‍റെയും സഹായം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അറിയിച്ചു. എന്നാല്‍, നടപടി സ്വീകരിക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം നടപടി കാര്യക്ഷമമാകാൻ ഇടയില്ല. തുടർന്ന്, തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്‍റെയും സഹായമടക്കം ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടി സംബന്ധിച്ച് വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. സത്യവാങ്മൂലത്തിന്‍റെ പകർപ്പ് പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.